ചാത്തന്നൂർ: കെ.എസ്.ആർ.ടി.സിയിലെ പുതിയ ഡ്യൂട്ടി ക്രമം അനുസരിച്ച് നടപ്പിലാക്കിയ കൊട്ടിയം - അഞ്ചൽ നൂൺ ടു നൂൺ സർവീസ് യാത്രക്കാർക്ക് ഉപകാരപ്രദമാകുന്നു. നൂൺ ടു നൂൺ ഷിഫ്റ്റ് പ്രകാരം പുതിയ സർവീസുകളും കൂടുതൽ ട്രിപ്പുകളും വന്നതോടെ യാത്രാക്ളേശം ഒഴിവായതായി ജനങ്ങൾ അഭിപ്രായപ്പെടുന്നു.
കൊട്ടിയത്ത് നിന്ന് ഇത്തിക്കര, ആദിച്ചനല്ലൂർ, ഓയൂർ, ആയൂർ വഴി അഞ്ചലിലേക്കുള്ള ചെയിൻ സർവീസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിലെ ബസുകൾ നൂൺ ടു നൂൺ ഷിഫ്റ്റ് പ്രകാരം സർവീസ് ആരംഭിച്ചത്. ഇതോടെ 92 ആയിരുന്ന ട്രിപ്പുകൾ 108 ആയി ഉയർന്നു. കൂടാതെ അഞ്ചലിൽ നിന്ന് രാവിലെയുളള കൊട്ടിയം ട്രിപ്പുകളിൽ ചിലത് കൊല്ലം വരെ ദീർഘിപ്പിച്ചതോടെ രാവിലെ കൊല്ലത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി കൊട്ടിയത്തിറങ്ങി വേറെ ബസ് കയറേണ്ട.
രാത്രി സർവീസ് കൂടി
സർവീസ് പരിഷ്കരണത്തോടെ രാത്രികാല ട്രിപ്പുകൾ വർദ്ധിച്ചത് യാത്രികർക്ക് ഉപകാരപ്രദമായി. ഇപ്പോൾ വൈകിട്ട് അഞ്ചലിൽ നിന്ന് 6.05നും അത് കഴിഞ്ഞ് 15 മിനിട്ട് ഇടവിട്ട് രാത്രി 8.10 വരെ കൊട്ടിയത്തേയ്ക്കും തിരിച്ച് കൊട്ടിയത്ത് നിന്ന് ഇതേ രീതിയിൽ അഞ്ചലിലേക്കും സർവീസ് ലഭിക്കും. സന്ധ്യ കഴിഞ്ഞും കെ.എസ്.ആർ.ടി.സിയുടെ സർവീസ് ലഭിച്ചതോടെ യാത്രക്കാർക്ക് പുത്തൻ പരിഷ്കാരം പ്രിയങ്കരമായിരിക്കുകയാണ്.
നൂൺ ടു നൂൺ സർവീസ്
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടി നിജപ്പെടുത്തുന്നതിനായി നിലവിൽ വന്ന സിംഗിൾ ഡ്യൂട്ടി ക്രമീകരണത്തിനായി ഏർപ്പെടുത്തിയ സമ്പ്രദായമാണ് നൂൺ ടു നൂൺ സർവീസ്. ഇതുപ്രകാരം ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിക്ക് കയറുന്ന ജീവനക്കാർ രാത്രിയോടെ ഡിപ്പോയിലെത്തി കണക്ക് കാണിക്കുകയും തുടർന്ന് പിറ്റേന്ന് രാവിലെ എത്തി സർവീസ് തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുകയും ചെയ്യും.
എന്നാൽ പുതിയ പരിഷ്കാരം ജീവനക്കാരിൽ ചിലർക്ക് വിനയാകുന്നതായാണ് ആക്ഷേപം. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഡ്യൂട്ടിക്കെത്തുന്നവരെയാണ് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം വലയ്ക്കുന്നത്. ഇവർ ഉച്ചയ്ക്ക് കയറി രാത്രിയാകുമ്പോൾ ആദ്യ ഡ്യൂട്ടി തീരും. രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന ഇവർ പുലർച്ചെ എഴുന്നേറ്റ് രാവിലെയുളള ഡ്യൂട്ടിക്കെത്തേണ്ടി വരും. ഇത് ഉറക്കകുറവിനും മാനസിക സംഘർഷങ്ങൾക്കും കാരണമാകുന്നതായി ആക്ഷേപമുണ്ട്.
യാത്രക്കാർക്ക് ഏറെ പ്രയോജനകരം
നൂൺ റ്റു നൂൺ ഷിഫ്റ്റ് പ്രകാരം കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയത് അഞ്ചൽ-കൊട്ടിയം ചെയിൻ സർവീസ് ഏറെ പ്രയോജനകരമായിരിക്കുകയാണ്.രാത്രികാല യാത്രക്കാർക്കാണ് ഇത് കൂടുകലും ഉപകാരപ്രദമായിരിക്കുന്നത്.
(എസ്. ലാൽ, കൺവീനർ, അസോസിയേഷൻ ഒഫ് ബസ് പാസഞ്ചേഴ്സ്)