പത്തനംതിട്ട: എ പ്ളസ് ഗ്രേഡിലേക്ക് ഉയർന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ തീവ്രത മീനച്ചൂടിനേയും തോൽപ്പിക്കും. വികസനവും പ്രളയവും ശബരിമല വിഷയവുമാണ് പ്രധാനമായും ചർച്ച. ശബരിമല വിഷയത്തിലെ അടിയൊഴുക്ക് മത- സാമുദായിക ധ്രുവീകരണത്തിന് വഴിവയ്‌ക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആന്റോ ആന്റണി (യു.ഡി.എഫ്), വീണാ ജോർജ് (എൽ.ഡി.എഫ്), കെ. സുരേന്ദ്രൻ (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർത്ഥികൾ.
മണ്ഡല ചരിത്രത്തിൽ രാഷ്ട്രീയ ചായ‌്‌വുകൾക്കൊപ്പം മത- സാമുദായിക സ്വാധീനത്തിന് വലിയ പ്രധാന്യമുണ്ട്. ജനസംഖ്യയിൽ ഹിന്ദുക്കളാണ് കൂടുതലെങ്കിലും തിരഞ്ഞെടുപ്പിലെ വിധി നിർണയത്തിൽ ക്രിസ്ത്യൻ സഭകളുടെ നിലപാട് നിർണായകമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് യു.ഡി.എഫും എൽ.ഡി.എഫും ഇത്തവണയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
30 ശതമാനം വരുന്ന ക്രിസ്ത്യൻ വിഭാഗത്തിലെ പ്രബലരായ കാത്തലിക്, ഒാർത്തഡോക്സ് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ. കത്തോലിക്കാ വിഭാഗക്കാരനാണ് യു.ഡി.എഫിന്റെ ആന്റാേ ആന്റണി. വീണാ ജോർജ് ആകട്ടെ, ഒാർത്തഡോക്‌സുകാരിയും. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ കത്തോലിക്കരാണ് കൂടുതൽ. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളിൽ ഒാർത്തഡോക്‌സ് വിഭാഗത്തിനും ആറന്മുള, റാന്നി മണ്ഡലങ്ങളിൽ മാർത്തോമ്മാ സഭയ്ക്കും സ്വാധീനം കൂടുതലാണ്. ആറന്മുളയിൽ പെന്തക്കോസ്ത് വിഭാഗവും നിർണായകമാണ്.
ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കങ്ങളിലെ സർക്കാർ നിലപാടിൽ അസ്വസ്ഥരാണ് ഓർത്തഡോക്‌സ് വിഭാഗം. എന്നാൽ, ഒരു മുന്നണിയോടും കൂറു വേണ്ടെന്ന നിലപാടാണ് ഇതുവരെ അവർ സ്വീകരിച്ചിരിക്കുന്നത്.
ശബരിമല വിഷയം സജീവമാക്കി നിറുത്തിക്കൊണ്ടുള്ള പ്രചാരണത്തിനാണ് എൻ.ഡി.എ മുൻതൂക്കം നൽകുന്നത്. ലഘുലേഖകളുമായി സംഘപരിവാറും ശബരിമല കർമ്മ സമിതിയും എൻ.ഡി.എയ്‌ക്ക് സമാന്തരമായി വീടുകൾ കയറിയുള്ള പ്രചാരണം നടത്തിവരികയാണ്. എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അവർ നേരിട്ട് പറയുന്നില്ല. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ച നിലപാടുകൾ വിശദീകരിക്കുകയാണ് അവർ. ഇത് ഫലത്തിൽ എൻ.ഡി.എയ്ക്ക് അനുകൂലമാണ്.
മണ്ഡലത്തിലെ ജനസംഖ്യയിൽ 64 ശതമാനം ഹിന്ദുക്കളാണ്. ശബരിമല വിഷയം ചർച്ചയാക്കി വോട്ട് ധ്രുവീകരിക്കാനുള്ള സംഘപരിവാർ നീക്കം പ്രതിരോധിക്കാൻ, വർഗീയ കാർഡിന് എതിരെ ഇടത്- വലത് മുന്നണികൾ മതന്യൂനപക്ഷങ്ങൾക്കിടയിൽ പ്രചാരണം ശക്തമാക്കും. ഇൗഴവ സമുദായ അംഗമായ കെ.സുരേന്ദ്രനെ രംഗത്തിറക്കിയതിലൂടെ എസ്.എൻ.ഡി.പിയെയും ശബരിമല സമരത്തിൽ പിന്തുണ നൽകിയ എൻ.എസ്.എസിനെയും ഒപ്പം നിറുത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. സഖ്യ കക്ഷിയായ ബി.ഡി.ജെ.എസിന് മണ്ഡലത്തിൽ ശക്തമായ സ്വാധീനവുമുണ്ട്.
'ആറന്മുള മോഡൽ' വികസനം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേക്ക് വ്യാപിപ്പിക്കാനാണ് എൽ.ഡി.എഫിന്റെ വീണാ ജോർജ് വോട്ട് തേടുന്നത്. പത്തുവർഷത്തെ വികസനത്തിന്റെ പ്രോഗ്രസ് കാർഡുമായി യു.ഡി.എഫിലെ ആന്റോ ആന്റണിയും സജീവം. മോദി സർക്കാരിന്റെ വികസനവും ശബരിമല വിഷയവും അജണ്ടയാക്കുകയാണ് കെ.സുരേന്ദ്രൻ.
കളം മാറി
2009ലും 2014ലും കണ്ട തിരഞ്ഞെടുപ്പ് കളമല്ല ഇപ്പോഴുള്ളത്. ശബരിമല വിഷയമാണ് പത്തനംതിട്ടയെ മാറ്റിമറിച്ചത്. 2014ലെ ഭൂരിപക്ഷ കണക്ക് നോക്കായാൽ മണ്ഡലം എങ്ങോട്ടുവേണമെങ്കിലും ചായാം. ആന്റോയുടെ ഭൂരിപക്ഷം 56,191 വോട്ടായിരുന്നു. പരമ്പരാഗത യു.ഡി.എഫ് മണ്ഡലമെന്ന പേരിന് ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. 2009-ലെ 1,11,206 ഭൂരിപക്ഷം 2014-ൽ പകുതിയായി കുറഞ്ഞത് കോൺഗ്രസ് വിമതൻ പീലിപ്പോസ് തോമസ് സ്ഥാനാർത്ഥിയായി രംഗത്തു വന്നതുകൊണ്ടാണെന്നാണ് യു.ഡി.എഫ് വാദം. എന്നാൽ, വീണാ ജോർജിലൂടെ മണ്ഡലത്തിൽ ഇക്കുറി വിജയിച്ചു കയറാനാവുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ 1,38,954 വോട്ടു നേടിയ ബി.ജെ.പി തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുനില രണ്ടുലക്ഷമെത്തിച്ചു. മോദി ഭരണവും ശബരിമല വിഷയവും മണ്ഡലത്തിന്റെ മനസിനെ ബി.ജെ.പിക്കൊപ്പം നിറുത്തുമെന്ന് അവർ അവകാശപ്പെടുന്നു.