photo
ചെറിയഴീക്കൽ ഭാഗത്ത് തകർന്ന കിടക്കുന്ന സമുദ്ര തീര സംരക്ഷണ ഭിത്തി.

കരുനാഗപ്പള്ളി: സമുദ്രതീര സംരക്ഷണത്തിന്റെ ഭാഗമായി ചെറിയഴീക്കൽ തുറയിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. ഇവിടെയുണ്ടായിരുന്ന കടൽ ഭിത്തി തകർന്നതോടെയാണ് പുലിമുട്ടുകൾ വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്. ശക്തമായ കടലാക്രമണം ഉണ്ടായപ്പോഴൊക്കെ ചെറിയഴീക്കൽ തുറയെ കാത്തു രക്ഷിച്ചത് കടൽ ഭിത്തിയായിരുന്നു. 15 വർഷങ്ങൾക്ക് മുമ്പ് സുനാമി തിരമാലകളുടെ ആക്രമണത്തെ ഒരു പരിധിവരെ ചെറുത്തു നിൽക്കാൻ കരിങ്കൽ ഭിത്തിക്ക് കഴിഞ്ഞിരുന്നു. അന്നത്തെ സുനാമിയിൽ കരിങ്കൽ ഭിത്തിക്ക് ഭാഗികമായി ബലക്ഷയം സംഭവിച്ചെങ്കിലും ദുരന്തത്തെ അതിജീവിക്കാനായി. എന്നാൽ ബലക്ഷയം സംഭവിച്ച കടൽ ഭിത്തി സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് നന്നാക്കാൻ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ കരിങ്കൽ ഭിത്തിയിൽ കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിലുള്ള സമുദ്രതീര സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നതോടെ ചെറിയ തിരമാലകൾ പോലും കരയിലേക്ക് അടിച്ച് കയറാൻ തുടങ്ങി. സമുദ്ര തീര സംരക്ഷണത്തിന്റെ ഭാഗമായി ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലുടനീളം പുലിമുട്ടുകൾ നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ 22 ഓളം പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തിയായി. എന്നാൽ ചെറിയഴീക്കൽ ഭാഗത്ത് പുലിമുട്ട് നിർമ്മിക്കാനായി ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

എത്രയും പെട്ടെന്ന് പുലിമുട്ട് നിർമ്മാണത്തിന്റെ പ്രാഥമിക നടപടി ആരംഭിക്കണം. പുലിമുട്ടുകൾ നിർമ്മിക്കുന്നതിനൊപ്പം നിലവിലുള്ള കടൽ ഭിത്തി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുകയും വേണം

പ്രദേശവാസികൾ

ക്ഷേത്രങ്ങളും സ്കൂളുകളും കടലാക്രമണ ഭീഷണിയിൽ

കടൽത്തീരത്തിന് തൊട്ട് അടുത്തായാണ് ചെറിയഴീക്കൽ വടക്കേനട ഭഗവതി ക്ഷേത്രം. കടലിന് സമീപത്തു തന്നെയാണ് കാശിവിശ്വനാഥ ക്ഷേത്രവും, ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും എൽ.പി സ്കൂളും. ക്ഷേത്രങ്ങളും സ്കൂളുകളും കടലാക്രമണ ഭീഷണിയിലാണ്. ക്ഷേത്രത്തിന്റെ പിറകിൽ കടലിനോട് ചേർന്ന് ചെറിയഴീക്കൽ കരയോഗം ക്വോറി വേസ്റ്റ് അടിച്ചിട്ടാണ് കടൽ വെള്ളത്തിന്റെ വരവിനെ ഒരു പരിധി വരെ തടയുന്നത്. വേലിയേറ്റ സമയത്ത് ശക്തമായ തിരമാലകൾ ക്ഷേത്രത്തിനെയും സ്കൂളുകളെയും വെള്ളത്തിൽ മുക്കാറുണ്ട്.