chittayam

കൊല്ലം: മാവേലിക്കര മണ്ഡലത്തിൽ, ചെങ്ങന്നൂരും കുട്ടനാടും ഉൾപ്പെടെയുള്ള മേഖലകളിൽ പ്രളയത്തിന്റെ മുറിവുണങ്ങിയിട്ടില്ല. പത്തനംതിട്ടയിലെ കാറ്റ് ഇങ്ങോട്ടും വീശുന്നുണ്ട്. അതുകൊണ്ടു തന്നെ ശബരിമല പ്രശ്നവും പ്രളയവുമാണ് മാവേലിക്കരയിലും മുന്നണികളുടെ പ്രധാന പ്രചരണായുധം.

മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം നടന്ന രണ്ടു തിര‌ഞ്ഞെടുപ്പുകളിലും വിജയിച്ച യു.ഡി.എഫിന്റെ കൊടിക്കുന്നിൽ സുരേഷ് ഹാട്രിക് ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്. കൊടിക്കുന്നിലിന് മണ്ഡലത്തിലുള്ള സ്വാധീനവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് അരയും തലയും മുറുക്കുമ്പോൾ പിടിച്ചെടുക്കാൻ അടൂർ എം.എൽ.എ ചിറ്രയം ഗോപകുമാറിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. എം.എൽ.എ എന്ന നിലയിൽ ചിറ്രയം ഗോപകുമാർ അടൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ജനകീയ ബന്ധങ്ങളിലുമാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്- ബിയുടെ പിന്തുണ ഇത്തവണ എൽ.ഡി.എഫിന് അനുകൂലമായുണ്ട്.

എം.പിയും എം.എൽ.എയും ഇരുധ്രുവങ്ങളിൽ നിന്ന് പടനയിക്കുന്നതിനിടെയാണ് മൂന്നാമന്റെ വരവ്. രണ്ടു മുന്നണികൾക്കും വെല്ലുവിളിയുയർത്തി ഇവിടെ പുതിയ ചരിത്രം പിറക്കുമെന്നുറപ്പിച്ച് പട നയിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി തഴവാ സഹദേവൻ. പോരാട്ടം കനക്കുമ്പോൾ മാവേലിക്കര ഇത്തവണ എങ്ങോട്ടു തിരിയുമെന്ന കാര്യം പ്രവചനാതീതം.
രാഷ്ട്രീക്കാരനെന്നതിനപ്പുറം കലാകാരൻ കൂടിയാണ് ചിറ്റയം ഗോപകുമാർ. ക്യാപ്ടൻ രാജു സംവിധാനം ചെയ്ത 'മിസ്റ്റർ പവനായി'യിൽ അഭിനയിച്ചുകൊണ്ടാണ് ചിറ്റയം സിനിമയിലേക്കു കടന്നത്. ഈ മഴനിലാവിൽ, എൻെറ ഗ്രാമം എന്നീ സിനിമകളിലും എൻെറ നാട് എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചു.

നാടകാഭിനയം കുട്ടിക്കാലത്തേ തുടങ്ങിയ ആളാണ് തഴവാ സഹദേവൻ. പ്രൊഫഷണൽ നാടകങ്ങൾക്കു പുറമെ നാടോടി മന്നൻ, സൈറ തുടങ്ങിയ സിനിമകളിലും നിരവധി മെഗാ സീരിയലുകലിളും വേഷമിട്ടു. എതിരാളികളെപ്പോലെ കലാകാരനല്ലെങ്കിലും നല്ല ആസ്വാദകനാണ് താനെന്ന് കൊടിക്കുന്നിൽ സുരേഷ് പറയുന്നു. സമ്മതിദായകരെ നേരിൽകണ്ടുള്ള വോട്ടഭ്യർത്ഥനയ്‌ക്കു ശേഷം സ്വീകരണ പര്യടനങ്ങളിലാണ് കൊടിക്കുന്നിലും ചിറ്റയവും. സ്ഥാനാർത്ഥി പ്രഖ്യാപനം അല്പം വൈകിയതിനാൽ തഴവാ സഹദേവന്റെ സ്വീകരണ പര്യടനങ്ങൾ ആരംഭിക്കുന്നതേയുള്ളൂ.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കൊല്ലം ജില്ലയിലെ പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം.ഏഴിൽ ആറിടത്തും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇടതു സ്ഥാനാർത്ഥികളാണ്. പക്ഷേ, പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം ചേരുന്നതാണ് മാവേലിക്കരയുടെ ശീലം.

 2014 വോട്ടിംഗ് നില

കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്): 4,02,432

ചെങ്ങറ സുരേന്ദ്രൻ (എൽ.ഡി.എഫ്): 3,69,695

പി.സുധീർ (എൻ.ഡി.എ)- 79,743

കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം: 32,737