juees
പുനലൂർ-അഞ്ചൽ പാതയോരത്തെ ചുടു കട്ടയിലെ തണ്ണി മത്തൻ ജൂസ് കുടിക്കുന്ന യാത്രക്കാർ

പുനലൂർ: പുനലൂരിലും സമീപ പ്രദേശങ്ങളിലും ചൂട് കടുത്തതോടെ ശീതള പാനീയ കച്ചവടക്കാർക്ക് ചാകര. കഴിഞ്ഞ ഒരു മാസമായി ശീതള പാനീയ കച്ചവടം പൊടി പൊടിക്കുകയാണ്. തണ്ണിമത്തൻ ജ്യൂസാണ് വഴിയാത്രക്കാരുടെ ഇഷ്ട പാനീയം. തണ്ണിമത്തന് പുറമേ പൈനാപ്പിൽ, മാമ്പഴം, മുന്തിരി ജ്യൂസിനും ആവശ്യക്കാരേറെയാണ്. ഇരുചക്ര വാഹനയാത്രികരും കാൽ നടയാത്രികരുമാണ് പാതയോരങ്ങളിൽ നിന്ന് ശീതള പാനീയം കുടിക്കുന്നവരിൽ അധികവും. ഉച്ചയാകുന്നതോടെ ജ്യൂസ് കുടിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കും. പുനലൂർ - അഞ്ചൽ പാതയോരത്തെ ചുട്കട്ടയിലാണ് ഏറ്റവും കൂടുതൽ ശീതള പാനീയക്കച്ചവടം നടക്കുന്നത്. ചൂട് കൂടിയതോടെ പാതയോരങ്ങളിലെ കച്ചവടങ്ങൾക്ക് പുറമേ പുനലൂർ ടൗണിലെ ബേക്കറികളിലും, മാമ്പഴ വിപണികളിലും ശീതള പാനീയ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവഗണിച്ചുള്ള ശീതളപാനീയത്തിന്റെ അമിത ഉപയോഗം പകർച്ചാ വ്യാധികൾ അടക്കമുള്ളവ പിടിപെടാൻ കാരണമാകുമെന്ന മുന്നറിയിപ്പുമുണ്ട്.

കച്ചവടം പൊടി പൊടിക്കുന്നു

പുനലൂർ - പത്തനാപുരം , പുനലൂർ - അഞ്ചൽ, പുനലൂർ - കൊട്ടാരക്കര, പുനലൂർ - തെന്മല തുടങ്ങിയ പാതയോരങ്ങൾ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടി പൊടിക്കുന്നത്. ലോഡ് കണക്കിന് തണ്ണിമത്തനുകളാണ് ഒരോ ദിവസവും വിറ്റഴിക്കുന്നത്. ജ്യൂസിന് പുറമേ തണ്ണിമത്തൻ തൂക്കി വാങ്ങുന്നവരും ഏറെയാണ്.