kunnathoor
മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് കുന്നത്തൂർ പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിൽ വോട്ട് അഭ്യർത്ഥിക്കുന്നു

കുന്നത്തൂർ: കത്തിക്കാളുന്ന മീനച്ചൂടിനെ അവഗണിച്ച് മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്‌, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ, എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ എന്നിവർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ ഇത് മൂന്നാം തവണയാണ് അങ്കത്തിനിറങ്ങുന്നത്. വികസന പ്രവർത്തനങ്ങളുടെ പൂർണതയ്ക്ക് ഒരു വോട്ട് എന്നതാണ് കൊടിക്കുന്നിലിന്റെ മുദ്രാവാക്യം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തിയാൽ കേന്ദ്ര മന്ത്രിയായി കൊടിക്കുന്നിലും മാറുമെന്ന വാഗ്ദാനവും യു.ഡി.എഫ് ക്യാമ്പുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. ദേശീയപാതകളായ കൊല്ലം - തേനി, വണ്ടിപ്പെരിയാർ - ഭരണിക്കാവ്, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനം, കുന്നത്തൂർ, പോരുവഴി ഇ.എസ്.ഐ ആശുപത്രികളുടെ നിർമ്മാണം, കുന്നത്തൂർ പഞ്ചായത്തിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ സാഖി പദ്ധതി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കൊടിക്കുന്നിൽ ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസം രാവിലെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെത്തിയ കൊടിക്കുന്നിൽ ട്രെയിൻ യാത്രക്കാരോടും നാട്ടുകാരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പടിഞ്ഞാറേ കല്ലട, കിഴക്കേ കല്ലട, മൺറോതുരുത്ത് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി കോളേജിലെത്തി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് ഭരണിക്കാവ്, കുന്നത്തൂർ, പോരുവഴി എന്നിവിടങ്ങളിലെ കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ചു. ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, കുന്നത്തൂർ, മൈനാഗപ്പള്ളി പഞ്ചായത്തുകളിലും പര്യടനം നടത്തി. രാത്രി എട്ടോടെ കുന്നത്തൂർ തുരുത്തിക്കരയിൽ യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയും തുടർന്ന് മൈനാഗപ്പള്ളിയിൽ കോൺഗ്രസ് ഭവനും ഉദ്ഘാടനം ചെയ്ത ശേഷമാണ് കൊടിക്കുന്നിൽ മടങ്ങിയത്. നേതാക്കളായ കല്ലട ഗിരീഷ്, പി.കെ. രവി, ദിനേശ് ബാബു, ഗോകുലം അനിൽ, തുണ്ടിൽ നൗഷാദ്, കെ. സുകുമാരൻ നായർ, എസ്. സുഭാഷ്, കുന്നത്തൂർ പ്രസാദ്, കാരയ്ക്കാട്ട് അനിൽ, അനുതാജ്, ബിജുലാൽ നിലയ്ക്കൽ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് കുന്നത്തൂരിൽ ആവേശകരകമായ സ്വീകരണമാണ് ലഭിച്ചത്. എം.പിയെന്ന നിലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് വൻ പരാജയമാണെന്നും വിജയിച്ചു പോയ ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. ശൂരനാടിൽ നിന്നുമാണ് കുന്നത്തൂർ മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം ആരംഭിച്ചത്. സെഞ്ച്വറി ജംഗ്ഷനിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ സ്ഥാനാർത്ഥിയുടെ സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ശൂരനാട് മേഖലയിലെ 15 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പര്യടനം പോരുവഴി കിഴക്ക് മേഖലയിലേക്ക് കടന്നു. കാർഷിക വിളകളും കണിക്കൊന്നയും നൽകി ചിറ്റയത്തെ പോരുവഴി ജനത ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം കുന്നത്തൂർ, ശാസ്താംകോട്ട പടിഞ്ഞാറ്, മൈനാഗപ്പള്ളി തെക്ക്, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. രാത്രി 8.30 ഓടെ കക്കാക്കുന്നിലാണ് പര്യടനം സമാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ എം. ശിവശങ്കര പിള്ള, കെ. ശിവശങ്കരൻ നായർ, പി.കെ. ഗോപൻ, എം. ഗംഗാധര കുറുപ്പ്, പി.ബി. സത്യദേവൻ, ആർ.എസ്. അനിൽ, എസ്. അജയൻ, ടി.അനിൽ തുടങ്ങിയവർ സംസാരിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിലെ തഴവ സഹദേവൻ ശാസ്താംകോട്ട ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് കുന്നത്തൂരിൽ പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് താലൂക്കാശുപത്രി, കടകമ്പോളങ്ങൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും അദ്ദേഹം വോട്ട് തേടി. മൈനാഗപ്പള്ളി, ആഞ്ഞിലിമൂട്, മൺറോതുരുത്ത്, കുന്നത്തൂർ എന്നിവിടങ്ങളിലെത്തിയും അദ്ദേഹം വോട്ട് തേടി. അവസരവാദ രാഷ്ട്രീയക്കാരായ ഇടത്, വലത് മുന്നണികൾക്ക് കനത്തപ്രഹരം നൽകാൻ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും വിലപ്പെട്ട വോട്ടുകൾ നൽകി തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു.