മൺറോത്തുരുത്ത്: കഴിഞ്ഞ ദിവസമുണ്ടായ വേനൽമഴയും കാറ്റും മൺറോത്തുരുത്തിൽ കനത്ത നാശം വിതച്ചു. വൃക്ഷങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞ് വീടിന്റെ മേൽക്കൂരകളിൽ പതിച്ചുമാണ് ഏറെ നാശനഷ്ടമുണ്ടായത്. രാത്രി എട്ടര മണിയോടെ മിക്ക പ്രദേശങ്ങളിലും വേനൽമഴ പെയ്തെങ്കിലും മൺറോത്തുരുത്തിൽ മഴ ചാറിയതേയുള്ളൂ. എന്നാൽ പ്രതീക്ഷിക്കാതെ വീശിയടിച്ച കാറ്റ് ഏറെ നാശനഷ്ടങ്ങൾ വരുത്തി. പലരുടെയും ഓടിട്ട വീടിന്റെ മേൽക്കൂരകൾ തകരുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു.
പേഴുംതുരുത്തിൽ വൃക്ഷങ്ങൾ വീണ് പതിനൊന്ന് കെ.വി ലൈൻ തകർന്നു. മൺറോത്തുരുത്ത്, കിഴക്കേക്കല്ലട പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ഏറെ വൈകിയാണ് വൈദ്യുതി ഭാഗികമായി പുന:സ്ഥാപിക്കാൻ കഴിഞ്ഞത്.
പേഴുംതുരുത്ത് നീറ്റുംതുരുത്ത് ദ്വീപുകളിലാണ് കാറ്റും മഴയും ഏറെ നാശം വിതച്ചത്. നീറ്റുംതുരുത്ത് വിജീഷ് ഭവനിൽ വിജയൻ, ജയന്തി കോളനിയിൽ ശിവാനന്ദൻ, ബിജു ഭവനിൽ വസന്ത, ബിജു ഭവനത്തിൽ ബിജു, പേഴുംതുരുത്ത് കരുണാകര വിലാസത്തിൽ അശോകൻ, ശ്രീ വിലാസം മോഹനൻ, പുത്തൻവീട്ടിൽ മണിലാൽ തുടങ്ങിയവരുടെ വീടിന്റെ മേൽക്കൂരകൾ വൃക്ഷങ്ങൾ വീണ് തകർന്നു. കേരള വിലാസത്തിൽ ശിവാനിയുടെ വാഴക്കൃഷി നശിച്ചു. പലേടത്തും വ്യാപകമായ കൃഷിനാശമുണ്ടായി.