തൊടിയൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സ്വീകരിച്ച് തുടങ്ങിയിട്ടും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കഴിയാത്ത അനിശ്ചിതത്വത്തിന്റെ വഴിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്ന് യു. പ്രതിഭ എം.എൽ.എ പറഞ്ഞു.
സി.പി.എം നേതാവായിരുന്ന കെ. ജയദേവൻപിള്ളയുടെ പതിമൂന്നാം അനുസ്മരണദിനാചരണത്തോടനുബന്ധിച്ച് എൽ.ഡി.എഫ് കല്ലേലിഭാഗം മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാരാരിത്തോട്ടത്ത് ചേർന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ചരിത്രം രേഖപ്പെടുത്തും. ജനങ്ങളെ ഇത്രകണ്ട് ദോഹിച്ച ഭരണാധികാരികൾ മുമ്പുണ്ടായിട്ടില്ല. നോട്ടു നിരോധനത്തെ തുടർന്ന് ബാങ്കുകൾക്ക് മുമ്പിൽ ക്യൂ നിന്ന 158 പാവപ്പെട്ട മനുഷ്യർ മരിച്ചുവീണ നാടാണ് ഇന്ത്യ. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ പ്രാണവായു ലഭിക്കാതെ നൂറുകണക്കിന് ശിശുക്കളാണ് ആശുപത്രികളിൽ പിടഞ്ഞു മരിച്ചത്. നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ദിശാ ബോധമുള്ള ബദലിന് രൂപം കൊടുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നും അവർ വ്യക്തമാക്കി. അഡ്വ.
പി. സുരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. ബാലചന്ദ്രൻ , വി. രാജൻപിള്ള, പി.കെ. ജയപ്രകാശ്, ജി. അജിത്ത് എന്നിവർ സംസാരിച്ചു. ആർ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.