nda
പുനലൂർ നിയോജകമണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പുനലൂരിൽ പങ്കെടുത്ത പ്രവർത്തകർ.

പുനലൂർ: കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇൻഷ്വറൻസ് പദ്ധതിയടക്കമുള്ള ജനക്ഷേമ പരിപാടികളെയെല്ലാം തിരസ്ക്കരിക്കുന്ന നയങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി മധു പരുമല പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുബിന്റെ പുനലൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 25 ലക്ഷത്തോളം യുവാക്കൾ തൊഴിലില്ലായ്മ അനുഭവിക്കുമ്പോൾ മുദ്രാ വായ്പാ പദ്ധതിയിലൂടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ബി.ജെ.പി പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലറും ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിയുമായ വനജാ വിദ്യാധരൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ ഏരൂർ സുനിൽ, നിയോജകമണ്ഡലം സെക്രട്ടറി അഞ്ചൽ കൃഷ്ണൻകുട്ടി, കേരളാ കോൺഗ്രസ് (പി.സി) ജില്ലാ സെക്രട്ടറി ഇടമൺ റെജി, ബി. രാധാമണി, പി. ബാനർജി, ബി.എസ്. ഗോപകുമാർ, ചന്ദ്രമോഹൻ, സിസിൽ ഫെർണാണ്ടസ്, വിളക്കുവെട്ടം ഭദ്രൻ, നെടുമ്പന ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.