photo
അപകട ഭീഷണി നേരിടുന്ന ടൗൺ പാലും.

കരുനാഗപ്പള്ളി: അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും തകർച്ച നേരിടുന്നതുമായ കരുനാഗപ്പള്ളി ടൗൺ പാലം പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കരുനാഗപ്പള്ളി ടൗണിന്റെ വികസനത്തിന് ആനുപാതികമായി പാലത്തിന്റെ വികസനവും സാദ്ധ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അഴീക്കൽ ഹാർബറിലേക്കും ആലപ്പാട് ഗ്രാമ പഞ്ചായത്തിലേക്കുമുള്ള വാഹനങ്ങൾ കരുനാഗപ്പള്ളി ടൗൺ പാലം വഴിയാണ് കടന്ന് പോകുന്നത്. ടൗണിൽ ഗതാഗതക്കുരുക്കുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതും ഈ പാലം വഴിയാണ്. കരുനാഗപ്പള്ളിയിൽ ഏറ്റവും കൂടുതൽ വാഹനത്തിരക്കുള്ള റോഡുകളിൽ ഒന്നാണിത്. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്ന് പോകാനുള്ള വീതി പാലത്തിനില്ലാത്തതിനാൽ ഒരു വാഹനം കയറിയാൽ എതിരേ വരുന്ന വാഹനങ്ങൾ നിറുത്തിയിടേണ്ട അവസ്ഥയാണ്. അപകടാവസ്ഥയിലുള്ള പാലം പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള കാലപ്പഴക്കം ചെന്ന ചെറുപാലങ്ങൾ പൊളിച്ച് നീക്കി വീതി കൂടിയ പാലങ്ങൾ നിർമ്മിച്ചപ്പോഴും കരുനാഗപ്പള്ളി ടൗൺ പാലത്തോട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് നഗരവാസികൾ പരാതിപ്പെടുന്നു.

അപകട ഭീഷണി

കരുനാഗപ്പള്ളി ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒന്നാം തഴത്തോടിന് മുകളിലൂടെ നിർമ്മിച്ച പാലമാണ് അപകട ഭീഷണി ഉയർത്തുന്നത്. കാലപ്പഴക്കം മൂലം പാലത്തിന്റെ കൈവരികൾ തകർന്ന് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. ടൗണിന്റെ ഹൃദയ ഭാഗത്ത് നിന്ന് 200 മീറ്ററോളം പടിഞ്ഞാറ് മാറി കരുനാഗപ്പള്ളി - കല്ലുമൂട്ടിൽക്കടവ് റോഡിന്റെ തുടക്കത്തിലാണ് പുരാതനമായ പാലം സ്ഥിതി ചെയ്യുന്നത്.