kerala-highcourt

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ വാർഷിക പൊതുയോഗം നടത്താൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകി. പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് പുറമെ വരവ് ചെലവ് കണക്കുകളും ബാലൻസ് ഷീറ്റും അംഗീകരിക്കും. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റും പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. യോഗത്തിന്റെ ഡയറക്ടർ ബോർഡിലേക്ക് യൂണിയനുകളുടെ വാർഷിക പൊതുയോഗങ്ങൾ തിരഞ്ഞെടുത്ത എല്ലാ അംഗങ്ങൾക്കും പൊതുയോഗം അംഗീകാരം നൽകും. യോഗം ഓഡിറ്റർമാരെയും പൊതുയോഗം നിയമിക്കും.

വാർഷിക പൊതുയോഗം സ്റ്റേ ചെയ്ത കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ എസ്.എൻ.ഡി.പി യോഗം നൽകിയ അപ്പീൽ കൊല്ലം ജില്ലാ കോടതി അംഗീകരിച്ച് സ്റ്റേ ഉത്തരവ് റദ്ദാക്കിയിരുന്നു. കീഴ്ക്കോടതിയിൽ ഈ അന്യായം നിലനിൽക്കുന്നതല്ലെന്നും അപ്പീൽ കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജില്ലാ കോടതി വിധി അംഗീകരിച്ച് പൊതുയോഗം നടത്താൻ ഉത്തരവായത്.

ബൈലാ പ്രകാരവും കമ്പനി നിയമം അനുസരിച്ചും വാർഷിക പൊതുയോഗം എല്ലാ വർഷവും നടത്തേണ്ടതുണ്ടെന്നും രണ്ട് പൊതുയോഗങ്ങൾക്ക് ഇടയിലുള്ള കാലയളവ് 15 മാസത്തിൽ കൂടരുതെന്നും എസ്.എൻ.ഡി.പി യോഗം കോടതിയെ അറിയിച്ചു. ഇതനുസരിച്ച് പൊതുയോഗം ഏപ്രിൽ മാസത്തിൽ നടത്താനാകണം. ബഡ്‌ജറ്റ് പാസാക്കാനും ഓഡിറ്റർമാരെ നിയമിക്കാനും വാർഷിക പൊതുയോഗം നടത്തേണ്ടത് അനിവാര്യമാണ്. യൂണിയനുകൾ തിരഞ്ഞെടുത്ത യോഗം ഡയറക്ടർമാർക്ക് അംഗീകാരം നൽകേണ്ടത് പൊതുയോഗമാണെന്നും കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് വാർഷിക പൊതുയോഗം നടത്താൻ സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയത്.