കുളത്തൂപ്പുഴ: വനംവകുപ്പ് ഉപേക്ഷിച്ച കുടിവെള്ള പദ്ധതിയുടെ മോട്ടോർ പമ്പിന്റെ തകരാർ പഞ്ചായത്ത് അംഗം മുൻകൈയെടുത്ത് പരിഹരിച്ചത് വില്ലുമല നിവാസികൾക്ക് ആശ്വാസമായി. കുളത്തൂപ്പുഴ അമ്പതേക്കർ വില്ലുമല ആദിവാസി കോളനിയിലുള്ളവർക്കായി വനം വകുപ്പ് നൽകിയ കുടിവെള്ള പദ്ധതിയാണ് അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് ഉപയോഗശൂന്യമായത്. 'കുടിവെള്ള പദ്ധതി നിലച്ചു, വില്ലുമല കോളനിക്കാർ ദുരിതത്തിൽ ' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരളകൗമുദി ഇതിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വനം വകുപ്പ് പദ്ധതി നടത്തിപ്പിനായി പണം ചെലവഴിക്കാൻ തയ്യാറാവാതിരുന്നതോടെ വാർഡ് അംഗം ടി. ബാബുവാണ് സ്വന്തം കീശയിലെ പണം മുടക്കി തകരാറിലായ മോട്ടോർ നന്നാക്കി ജലവിതരണം പുനരാരംഭിച്ചത്. വേനൽ കടുത്തതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായിരുന്നു. നാട്ടുകാരുടെ ഏക ആശ്രയമായിരുന്ന കുടിവെള്ള പദ്ധതിയുടെ തകരാർ പരിഹരിക്കാൻ നിരവധി തവണ അവശ്യപ്പെട്ടിട്ടും വനം വകുപ്പ് തയ്യാറാവാത്തതോടെയാണ് പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് അംഗം മുന്നിട്ടിറങ്ങിയത്. വനത്തിന് നടുവിലെ കോളനിയിലുള്ള തകരാറിലായ മോട്ടോർ പമ്പ് അഴിച്ച് മാറ്റി കുളത്തൂപ്പുഴ ടൗണിലെത്തിച്ചാണ് തകരാർ പരിഹരിച്ചത്. വനാശ്രിത സമൂഹത്തിന്റെ ഉന്നമനത്തിനായി വില്ലുമല വനം സംരക്ഷണ സമിതിയാണ് കുടിവെള്ള പദ്ധതി തയ്യാറാക്കിയത്. എന്നാൽ തുടർപ്രവർത്തനങ്ങൾ ചെയ്യാത്തതിനാൽ മോട്ടോർ പമ്പ് തകരാറിലാവുകയായിരുന്നു. ഗുണഭോക്തൃസമിതി രൂപീകരിച്ച് വില്ലുമല നിവാസികൾ തന്നെയാണ് വൈദ്യുതിയുടെ പണം മുടക്കമില്ലാതെ അടയ്ക്കുന്നത്. എന്നാൽ അറ്റകുറ്റപ്പണി നടത്താനുള്ള പണം കണ്ടെത്താൻ ഇവർക്ക് യാതൊരു നിർവാഹവുമില്ലായിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അംഗം മുന്നിട്ടിറങ്ങി മോട്ടോറിന്റെ തകരാർ പരിഹരിച്ചത്.
വില്ലുമല വനം സംരക്ഷണ സമിതിക്ക് യാതൊരു ഫണ്ടും നിവിലില്ല. പണം അനുവദിച്ച് വരുന്ന മുറയ്ക്ക് കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തനത്തിന് തുക വകയിരുത്താനും ചെലവഴിക്കുന്ന പണം മാറിയെടുക്കാനും കഴിയും
കല്ലുവരമ്പ് സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ സജീവ്