കൊല്ലം: ലൂസിഫർ സിനിമ ഹിറ്റായതോടെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ജീപ്പിലാണ് ഇപ്പോൾ സ്ഥാനാർത്ഥികൾ! ഇടത്, വലത്, എൻ.ഡി.എ ഭേദമില്ലാതെ മിക്ക സ്ഥാനാർത്ഥികളും 'ലൂസിഫർ' പോസ്റ്ററുകൾ ഇറക്കിക്കഴിഞ്ഞു. നവമാദ്ധ്യമങ്ങളിലാണ് ഇവ കൂടുതൽ പ്രചരിക്കുന്നത്.
വിന്റേജ് ജീപ്പിൽ മീശ പിരിച്ചിരിക്കുന്ന മോഹൻലാലിന്റെ ചിത്രത്തിന് പകരം സ്ഥാനാർത്ഥിയുടെ ചിത്രമാണെന്ന് മാത്രം. പുതുതലമുറയ്ക്ക് ഇത് രസിക്കുകയും ചെയ്തു. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇറങ്ങിയതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ജീപ്പിൽ സ്റ്റൈലായി വന്നിറങ്ങുന്ന സ്റ്റീഫൻ നെടുമ്പള്ളിയെന്ന സാക്ഷാൽ മോഹൻലാലിന്റെ ചിത്രമാണ്. മോഹൻലാലിന് പകരം തങ്ങളുടെ സ്ഥാനാർത്ഥികളായപ്പോൾ പ്രവർത്തകർക്കും ആവേശം ഇരട്ടിച്ചു. ലാലേട്ടന്റെ എക്കാലത്തെയും വിജയ ഫോർമുലകളായ മുണ്ടും മീശപിരിച്ചുള്ള ലുക്കും ലൂസിഫറിലൂടെ വീണ്ടും ആരാധകർക്ക് ഹരമായി. സ്ഥാനാർത്ഥികളും സ്റ്റീഫൻ നെടുമ്പള്ളിയെ അനുകരിക്കും വിധമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. മീശപിരിക്കൽ ഒഴിവാക്കിയെന്ന് മാത്രം. ലൂസിഫർ റിലീസായ ദിവസംതന്നെ സ്ഥാനാർത്ഥികളുടെ ചിത്രമുള്ള ലൂസിഫർ പോസ്റ്ററുകളും രംഗപ്രവേശം ചെയ്തു. ജീപ്പിന് മുന്നിൽ നെടുമ്പള്ളിക്ക് പകരം മണ്ഡലത്തിന്റെ പേരും പ്രത്യേക ശൈലിയിലുള്ള 'ലൂസിഫർ' എഴുത്തിന് പകരം അതേ തരത്തിൽ സ്ഥാനാർത്ഥിയുടെ പേരുമൊക്കെ പോസ്റ്ററിൽ ഒരുക്കി.