snc
ചാത്തന്നൂർ ശ്രീനാരയണ കോളേജ് വളപ്പിൽ പിടിച്ച തീ ഫയർ ഫോഴ്സ് അണയ്ക്കുന്നു

ചാത്തന്നൂർ: ശ്രീനാരായണ കോളേജ് കാമ്പസ് വളപ്പിൽ വൻ തീപിടിത്തം. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വളപ്പിലെ പല ഭാഗങ്ങളിൽ നിന്ന് ഒരേ സമയത്താണ് തീ പടർന്ന് പിടിച്ചത്.

അഗ്നിബാധയിൽ അടിക്കാടുകൾ കത്തിനശിക്കുകയും കശുമാവുകൾക്ക് തീപിടിക്കുകയും ചെയ്തു. വിളവെടുപ്പ് കാലമായതിനാൽ കശുമാവുകളിൽ തീപിടിച്ചത് വലിയതോതിൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

പരവൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടർന്ന് കൊല്ലത്ത് നിന്നും രണ്ടും കുണ്ടറയിൽ നിന്ന് ഒരോ യുണിറ്റും എത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീയണയ്ക്കാൻ കഴിഞ്ഞത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ സാമൂഹ്യവിരുദ്ധരുടെ പങ്കിനെക്കുറിച്ച് സംശയമുണ്ട്.

ഒരു മാസം മുമ്പ് കോളേജ് വളപ്പിൽ സാമൂഹ്യവിരുദ്ധർ തീയിട്ടിരുന്നു. അക്കേഷ്യ കാടുകളാണ് അന്ന് കത്തി നശിച്ചത്. പ്രദേശത്ത് വർദ്ധിച്ച് വരുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യത്തെക്കുറിച്ച് പലതവണ ചാത്തന്നൂർ പൊലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.