പുനലൂർ: ചൈനയിൽ ആരാധനാലയങ്ങൾ ഇല്ലാതാക്കിയത് പോലെ കേരളത്തിലും ആചാരങ്ങളും ആരാധനാ സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബു പുനലൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുനലൂർ മണ്ഡലത്തിലെ പര്യടന പ്രവർത്തനങ്ങൾക്ക് എത്തിയതായിരുന്നു അദ്ദേഹം. 18 ദിവസം ചൈനയിൽ താമസിക്കാൻ അവസരം ലഭിച്ചപ്പോഴാണ് അവിടെ സ്ഥിതി ചെയ്യുന്ന ഭൂരിപക്ഷം സ്ഥാപനങ്ങളും മുമ്പ് ആരാധനാലയങ്ങളായിരുന്നെന്ന് മനസിലായത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർബന്ധ പ്രകാരമാണ് കേരളത്തിൽ 4 ന്യൂനപക്ഷക്കാരെ സ്ഥാനാർത്ഥികളാക്കിയത്. ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എൻ.ഡി.എ സർക്കാർ വലിയ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. രണ്ട് തവണ ലോക് സഭയിലും രണ്ട് തവണ അസംബ്ലിയിലും താൻ മത്സരിച്ചിരുന്നു. കൊല്ലം മണ്ഡലത്തിലെ ഇപ്പോൾ നടന്ന് വരുന്ന എൻ.ഡി.എയുടെ കൺവെൻഷനുകളിൽ സ്ത്രീകൾ അടക്കമുള്ളവരുടെ വൻ ജനപങ്കാളിത്തം തനിക്ക് ആത്മവിശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.ബി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഓലയിൽ ബാബു, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ ഏരൂർ സുനിൽ, കേരള കോൺഗ്രസ് (പി.സി) ജില്ലാ ജനറൽ സെക്രട്ടറി ഇടമൺ റെജി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം. ചന്ദ്രമോഹനൻ, വിളക്കുവെട്ടം ഭദ്രൻ, എസ്. ഉമേഷ്ബാബു, പി. ബാനർജി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.