തൊടിയൂർ: ഇന്ത്യയിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് ഭരണത്തിന് അറുതി വരണമെന്നാഗ്രഹിക്കുന്നവരാണ് ജനങ്ങളിൽ ഭൂരിപക്ഷവുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് നടക്കാതെ പോയാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കലായിരിക്കും ഫലം. ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ രണ്ടാം ഘട്ട സ്വീകരണ പരിപാടി തൊടിയൂർ പഞ്ചായത്തിലെ കല്ലേലിഭാഗത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസം ഏറ്റവും ഭീകരമായ നിലയിൽ രാജ്യത്ത് വളരുകയാണ്. പ്രതീകാത്മകമായി മഹാത്മാ ഗാന്ധിയെ വധിക്കുന്നതും ഭരണഘടന ചുട്ടെരിക്കുന്നതും നാം കണ്ടു കഴിഞ്ഞു. നൂറു കണക്കിന് വർഗീയ കലാപങ്ങൾ രാജ്യത്തുണ്ടായി. ന്യൂനപക്ഷങ്ങൾ ഈ രാജ്യത്തിന്റെ സന്തതികൾ ആല്ലെന്ന് ആർ.എസ്.എസ് പരസ്യമായി പറഞ്ഞു കഴിഞ്ഞു. പിന്നാക്കക്കാരനും ദളിതനുമൊക്കെ പുഴുക്കളെ പോലെ ജീവിക്കണമെന്ന ചാതുർവർണ്യ വ്യവസ്ഥ നിലനിറുത്തണമെന്നാഗ്രഹിക്കുന്നവരാണിവർ. പാർലമെന്റ് സമ്മേളിക്കുമ്പോൾ ലോകം ചുറ്റുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഇന്ത്യൻ പ്രധാന മന്ത്രിമാരിൽ ഏറ്റവും കുറച്ചു മാത്രം പാർലമെന്റിൽ പങ്കെടുത്ത പ്രധാനമന്ത്രിയും മോദിയാണ്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മതേതരമനസിന്റെ പ്രതിനിധിയായിട്ടാണ് താൻ മത്സരിക്കുന്നതെന്ന് സ്ഥാനാർത്ഥി എ.എം. ആരിഫ് പറഞ്ഞു. എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി പി .ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ , പി.കെ. ബാലചന്ദ്രൻ , പി.ബി. സത്യദേവൻ, ശ്രീലേഖ വേണുഗോപാൽ, അനിൽ എസ്. കല്ലേലിഭാഗം, കടവിക്കാട്ട് മോഹനൻ, പി.കെ. ജയപ്രകാശ്, ടി. രാജീവ്, ആർ. ശ്രീജിത്ത്, കമറുദ്ദീൻ മുസലിയാർ, ബി. ഗോപൻ, ഷിഹാബ് എസ്. പൈനുംമൂട് തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.