റോഡുകൾ പലതും വെട്ടിപ്പൊളിച്ച നിലയിൽ

തൃശൂർ : നഗരത്തിൽ തലങ്ങും വിലങ്ങും നിർമ്മാണ പ്രവർത്തനങ്ങൾ 'പൊടി പൊടിക്കുമ്പോൾ' പൊടി ശ്വസിച്ച് മടുത്ത് ജനങ്ങൾ. തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകളെല്ലാം പൊളിച്ചിട്ടിരിക്കുന്നത്.

ഹൈറോഡ്, എം.ഒ റോഡ്, പൂത്തോൾ മേൽപ്പാല പരിസരം എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡുകളെല്ലാം പൊളിച്ചിരിക്കുന്നത്. അമൃതം പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ ഇടുന്ന ഹൈറോഡിലാണ് കൂടുതൽ ദുരിതം. രണ്ടാഴ്ച്ചയോളമായി ഇവിടെ പൈപ്പിടലിനായി റോഡ് പൊളിക്കുന്നു. അഞ്ച് വിളക്ക് വരെ പൈപ്പിടൽ പൂർത്തിയായെങ്കിലും റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ നടപടി തുടങ്ങിയിട്ടില്ല. വ്യാപാരികളെ സംബന്ധിച്ച് കടയിലേക്ക് പൊടികയറി സാധനങ്ങൾ നശിക്കാതിരിക്കാൻ മുൻവശം മറയ്ക്കേണ്ട അവസ്ഥയിലാണ്. വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടി ശല്യം അവസാനിപ്പിക്കാൻ കോർപറേഷന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
പല സ്ഥലങ്ങളിലും വ്യാപാരികൾ പണം മുടക്കി വെള്ളം വാങ്ങി മുൻവശത്ത് ഒഴിച്ച് പൊടിശല്യം ഒഴിവാക്കുകയാണ്. എന്നാൽ ദിവസവും രണ്ടോ മൂന്നോ തവണ നനച്ചാൽ മാത്രമേ പൊടിശല്യം കുറയ്ക്കാനാകൂവെന്ന് വ്യാപാരികൾ പറയുന്നു.

എം.ഒ റോഡ്

എം.ഒ റോഡിൽ സബ് വേ നിർമ്മാണത്തിനായാണ് റോഡ് പൊളിക്കുന്നത്. ഇത് മൂലം കോർപറേഷനിൽ എത്തുന്നവർക്കും പ്രദേശത്തെ കടകളിൽ എത്തുന്നവർക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.

പൂത്തോൾ


പൂത്തോളിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളും ദുരിതമാണ് സമ്മാനിക്കുന്നത്. വടക്കേസ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള താത്കാലിക സ്റ്റാൻഡിലും പൊടിപടലങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. നഗരത്തിന് പുറത്ത് വില്ലടം, അരണാട്ടുകര മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ.

ഗതാഗത കുരുക്കും രൂക്ഷം

നഗരത്തിലെ എല്ലായിടത്തും നിർമ്മാണ പ്രവർത്തനം ഒറ്റയടിക്ക് ആരംഭിച്ചതോടെ ഗതാഗത കുരുക്കും രൂക്ഷമായി. ഹൈറോഡിലും എം.ഒ റോഡിലുമാണ് യാത്രക്കാർ ഏറെ വലയുന്നത്. കടുത്ത ചൂടും പൊടിപടലങ്ങളും നിറഞ്ഞതോടെ നഗരവാസികളുടെ യാത്ര ദുഷ്‌കരമാവുകയാണ്.

കച്ചവടം കുറഞ്ഞു


റോഡ് പൊളിക്കൽ തങ്ങളുടെ വയറ്റത്തടിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. പണി തുടങ്ങിയ ശേഷം അതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ പകുതിയിലേറെ കച്ചവടം കുറഞ്ഞു. ചില ഹോട്ടലുകൾ ദിവസങ്ങളോളം അടഞ്ഞു കിടക്കേണ്ടതായി വന്നു. പ്രളയത്തിന്റെ ദുരിതത്തിൽ നിന്ന് മോചിതരാകാത്തപ്പോഴാണ് ഈ വെട്ടിപ്പൊളിയെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു...