തൃശൂർ : പാഴായിയിൽ നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് ഉത്തരവിട്ടു. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രജിത് കുമാറിന്റെയും, നീഷ്മയുടെയും മകൾ മേബയെയാണ് 2016 ഒക്ടോബർ 13- ന് പ്രതിയായ ഷൈലജ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കൂടുതൽ തെളിവുകൾക്കായി വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബുവാണ് ഹർജി നൽകിയത്

നീഷ്മയോടും, വീട്ടുകാരോടും ഉള്ള വൈരാഗ്യം തീർക്കാൻ, സഹോദരൻ മരിച്ചതിന്റെ സഞ്ചയനത്തിനെത്തിയ പ്രതി ഷൈലജ മേബയെ മിഠായി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വായയും, മൂക്കും പൊത്തിപ്പിടിച്ച് പുഴയിലേക്ക് ഇറങ്ങി എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്. പുതുക്കാട് സി.ഐ കുറ്റപത്രം നൽകിയ കേസിന്റെ വിചാരണ നടപടികൾ ജില്ലാ കോടതിയിൽ നടന്നുവരികയാണ്. ഹർജിയെ തുടർന്ന് പ്രതി ഭാഗത്തിന്റെയും, ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെയും വാദങ്ങൾ കേട്ട ശേഷം കോടതി കൂടുതൽ അന്വേഷണം നടത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ഉത്തരവിട്ടു.