തൃശൂർ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ കീഴിൽ നാളെ തൃശ്ശിവപേരൂർ സമ്മർ മാരത്തോൺ സംഘടിപ്പിക്കുമെന്ന് ജില്ലാകളക്ടർ ടി.വി. അനുപമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് താണിക്കുടം എത്തി തിരികെ കോർപറേഷൻ സ്റ്റേഡിയത്തിൽ സമാപിക്കുന്ന തരത്തിൽ 21 കിലോമീറ്റർ ദൂരത്തിലാണ് മാരത്തോൺ.

മാരത്തോണിൽ പങ്കെടുത്ത് ഒന്നു മുതൽ പത്തുവരെ സ്ഥാനങ്ങളിലെത്തുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും 15,000 രൂപ മുതൽ 1,000 രൂപ വരെയുള്ള കാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ്, മെഡൽ എന്നിവ നൽകും. ദീർഘദൂര മത്സരത്തിൽ പങ്കെടുക്കുവാൻ കഴിയാത്തവർക്കും പൊതുജനങ്ങൾക്കുമായി അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഒരു ഫൺ റൺ കൂടി ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി. ബാലകൃഷ്ണൻ പറഞ്ഞു. മാരത്തണിന് 800 പേരും ഫൺ റണിന് 2000ഓളം പേരും ഇതിനോടകം പേര് രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു.

മാരത്തോൺ രാവിലെ 5.30ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, വി.എസ്. സുനിൽ കുമാർ, യു.ആർ. പ്രദീപ് എം.എൽ.എ, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ട്രയൽ റൺ രാവിലെ 6.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പാട്ടുരായ്ക്കൽ - നായ്ക്കനാൽ ജംഗ്ഷൻ വഴി തിരികെ സ്റ്റേഡിയത്തിൽ സമാപിക്കും. മന്ത്രി സി. രവീന്ദ്രനാഥ്, മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാകലക്ടർ ടി.വി. അനുപമ, അഡീഷണൽ എക്‌സൈസ് കമ്മിഷണർ ഡി.രാജീവ് എന്നിവർ ചേർന്ന് ഫൺ റൺ ഫ്‌ളാഗ് ഓഫ് ചെയ്യും.

തുടർന്ന് എട്ട് മണിക്ക് കോർപറേഷൻ സ്റ്റേഡിയത്തിൽ മന്ത്രി എ . സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ അജിത വിജയൻ മുഖ്യപ്രഭാഷണം നടത്തും. എം . പിമാരായ സി.എൻ. ജയദേവൻ, പി.കെ. ബിജു, ഇന്നസെന്റ് എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ലഹരിവിരുദ്ധ സന്ദേശവും കലക്ടർ ടി.വി. അനുപമ ലഹരി വിരുദ്ധ പ്രതിജ്ഞയും നൽകും. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ പുലിക്കളി, ബാൻഡ്, ശിങ്കാരിമേളം, പഞ്ചവാദ്യം എന്നിവയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ജോയിന്റ് എക്‌സൈസ് കമ്മിഷണർ സലിംകുമാർ, അസിസ്റ്റന്റ് കമ്മിഷണർ ആർ. ഗോപകുമാർ എന്നിവരും പങ്കെടുത്തു.