കൊടുങ്ങല്ലൂർ: ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയത്തിന് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാളെ തറക്കല്ലിടും. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 3.23 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര മ്യൂസിയം യാഥാർത്ഥ്യമാക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചേരിപ്പുരയാണ് ക്ഷേത്രമ്യൂസിയമായി മാറുക.
ക്ഷേത്രകലകളും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിവരങ്ങളറിയാൻ ഇവിടെ സംവിധാനമൊരുക്കും. 2016ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം നിർമ്മിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. ക്ഷേത്രം വകയായുള്ള പൗരാണിക ഊട്ടുപുര, നിലവറ, അനുബന്ധ കെട്ടിടം എന്നിവ നവീകരിച്ചാകും മ്യൂസിയം നിർമ്മിക്കുക. കെട്ടിടങ്ങളുടെ പൗരാണികത ഒട്ടും ചോരാതെയാണ് നവീകരണ പ്രവർത്തനം. ഒന്നര വർഷമാണ് നിർമ്മാണ കാലാവധി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇൻകെൽ കമ്പനിക്കാണ് നിർമ്മാണ ചുമതല. രാവിലെ 10 ന് നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന സമ്മേളനോദ്ഘാടനവും മന്ത്രി നിർവഹിക്കും.
അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ എന്നിവർ മുഖ്യാതിഥികളാകും. മുസിരിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദ്, പദ്ധതി കോ ഓർഡിനേറ്റർ എം.കെ. ജോസഫ്, നഗരസഭാ ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.
മ്യൂസിയം ഇങ്ങനെ
ക്ഷേത്രത്തിലെ വഴിപാട് സാധനം സൂക്ഷിച്ചിരുന്ന കച്ചേരിപ്പുരയുടെ തനിമ നിലനിറുത്തി വാസ്തുശിൽപ്പകലാ മാതൃകയിൽ നിർമ്മാണം
ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളുടെ ചരിത്രവും ആചാരവും ആരാധനാ സമ്പ്രദായങ്ങളും ഐതിഹ്യവുമെല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ സംവിധാനം
ക്ഷേത്രകലകളെക്കുറിച്ചറിയാൻ പ്രത്യേക സംവിധാനം
ചരിത്രവിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും സൗകര്യം