ചാലക്കുടി: നഗരസഭയുടെ ചേരി പുനരധിവാസ പദ്ധതി പ്രകാരം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി സെന്റ്. മേരീസ് ഫൊറോന പള്ളി, ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച അഞ്ച് വീടുകളുടെ ഉദ്ഘാടനവും ആശീർവാദവും നടന്നു. പോട്ട പനമ്പിള്ളി കോളേജിന് സമീപത്ത് നിർമ്മിച്ച വീടുകൾക്ക് മൂന്നു സെന്റ് വീതം സ്ഥലം ഫൊറോന പള്ളിയാണ് വാങ്ങി നൽകിയത്. നഗരസഭ അനുവദിച്ച നാല് ലക്ഷം രൂപക്ക് പുറമെ അധികമായി വന്ന പണം ലയൺസ് ക്ലബ്ബും വഹിച്ചു. കൂടാതെ ഇവിടേക്ക് ടൈൽ വിരിച്ച വഴി, വൈദ്യുതി, വെള്ളം എന്നിവയും നഗരസഭ ഒരുക്കി കൊടുത്തു.
ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വീടുകളുടെ ആശീർവാദകർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും താക്കോൽദാനവും ബി.ഡി. ദേവസ്സി എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. നേരത്തെ ടൈൽ വിരിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ ഇ.ഡി. ദീപക് മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീത സാബു, പി.എം. ശ്രീധരൻ, ബിജി സദാനന്ദൻ, യു.വി. മാർട്ടിൻ, ആലീസ് ഷിബു, യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ വി.ഒ. പൈലപ്പൻ, സെന്റ്.മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോസ് പാലാട്ടി, നഗരസഭാ കൗൺസിലർമാർ ലയൺസ് ക്ലബ് ഭാരവാഹികൾ, നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സെക്രട്ടറി ടോബി തോമസ് എന്നിവർ സംസാരിച്ചു.