തൃശൂർ: പരിസ്ഥിതിക്ക് ഇണങ്ങിയ ജനകീയ വികസനം എന്ന സങ്കൽപ്പത്തിൽ ഏറ്റവും അർത്ഥപൂർണമായ പദ്ധതിയാണ് തൃശൂർ സുവോളജിക്കൽ പാർക്കിൽ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാർക്കിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ബദൽ വികസനത്തിന്റെ ദാർശനികതലം പരിസ്ഥിതിക്ക് ഇണങ്ങിയ ജനകീയ വികസനമാണ്. ഇത്തരത്തിൽ അനന്യമായ വികസന സംസ്‌കാരം കെട്ടിപ്പടുക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ആകസ്മികമായി വന്നതല്ല ഇത്തരമൊരു കാഴ്ചപ്പാട്. പുതിയ വികസന തന്ത്രം, വികസന ദർശനം, വികസന സംസ്‌കാരം. അതിലുൾപ്പെടുത്തിക്കൊണ്ടാണ് രണ്ടാംഘട്ടത്തിന്റെ നിർമ്മാണം നടക്കുന്നത്. നവലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായി പലതും സ്വകാര്യവത്കരിക്കപ്പെടുകയാണ്. ഇതിലൂടെ യഥാർത്ഥ സമ്പത്തിന്റെ സംതുലിതാവസ്ഥ നഷ്ടപ്പെടുകയാണ്. ഇതൊക്കെ തിരിച്ചുപിടിക്കാൻ ബദൽ വികസന തന്ത്രമാണ് പയറ്റുന്നത്. മനുഷ്യനെയും പ്രകൃതിയെയും ഇണക്കുമ്പോഴേ ബദൽ വികസന നയം സാദ്ധ്യമാകൂവെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, അഡ്വ. വി.എസ്. സുനിൽ കുമാർ, സി.എൻ. ജയദേവൻ എം.പി, എം.എൽ.എമാരായ ഇ.ടി. ടൈസൻമാസ്റ്റർ, ബി.ഡി. ദേവസി, വനംവകുപ്പ് മേധാവി പി.കെ. കേശവൻ, സുരേന്ദ്രകുമാർ ഐ.എഫ്.എസ്, ഒല്ലൂക്കര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, സ്വാഗതസംഘം കൺവീനർ വർഗീസ് കണ്ടംകുളത്തി, കെ.ജെ. ആൻഡ്രൂസ്, ബിന്ദു സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. കെ. രാജൻ എം.എൽ.എ സ്വാഗതവും സെൻട്രൽ സർക്കിൾ സി.സി.എഫ്. രാജേഷ് രവീന്ദ്രൻ നന്ദിയും പറഞ്ഞു.