തൃശൂർ: സംസാരിക്കാൻ പ്രയാസമുള്ളതിനാൽ ഇന്നലെ ജില്ലയിലെ വിവിധ പരിപാടികളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടു നിന്നു. വെള്ളിയാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലെത്തി. സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന വിവിധ ഉദ്ഘാടന ചടങ്ങുകളിൽ തുടർച്ചയായി പങ്കെടുത്തത് മൂലം തൊണ്ടവേദനയുള്ളതിനാൽ സംസാരിക്കുന്നതിന് ബുദ്ധിമുട്ടുള്ളതായി വെള്ളിയാഴ്ച രാത്രി തന്നെ വാർത്തയുണ്ടായിരുന്നു.

എങ്കിലും ഇന്നലെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നായിരുന്നു വിവരം. എന്നാൽ പാർട്ടി പരിപാടി ഒഴികെ മറ്റുള്ളവയിൽ അദ്ദേഹം പങ്കെടുത്തില്ല. പീച്ചിയിലെ കെ.എഫ്.ആർ.ഐ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം, പുത്തൂർ മൃഗശാല രണ്ടാംഘട്ട വികസന ഉദ്ഘാടനം, വടക്കാഞ്ചേരി പുന്നമ്പറമ്പ് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം എന്നിവയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ...