തൃശൂർ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നിലച്ച വളർത്തുമൃഗങ്ങളുടെ സെൻസസിന് ജില്ലയിലും തുടക്കമായി. ദുരന്തം കൂടുതലായി അനുഭവപ്പെട്ട ജില്ലയായതിനാൽ പ്രളയത്തെ അതിജീവിച്ച വളർത്തുമൃഗങ്ങളായിരിക്കും പട്ടികയിൽ ഉൾപ്പെടുക. കണക്കെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പിലെ വീട്ടിൽ നിന്ന് കണക്കെടുപ്പ് നടത്തി നിർവഹിച്ചു. കോർപറേഷൻ തല ഉദ്ഘാടനം മേയർ അജിത വിജയന്റെ വീട്ടിലെ വളർത്തുമൃഗങ്ങളുടെ കണക്കെടുത്ത് കൊണ്ടായിരുന്നു.
അഞ്ച് വർഷം കൂടുമ്പോഴാണ് കേന്ദ്രസർക്കാർ വളർത്തുമൃഗങ്ങളുടെ കണക്കെടുക്കുന്നത്. പരമ്പരാഗത നിലയിൽ നിന്നും മാറി ഹൈടെക് രീതിയിലാണ് ഇക്കുറി സെൻസസ്. ഇൻവിജിലേറ്റർമാർ വീടുകളിലെത്തി വിവിധ ഫോറങ്ങളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്ന പരമ്പരാഗത രീതിക്ക് പകരം ടാബുകളെ ആശ്രയിക്കും. ഇത്തവണ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കണക്കെടുപ്പ്. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്ക് കഴിഞ്ഞ ദിവസം 6,500 രൂപ വിലയുള്ള ടാബുകൾ ഇതിനായി കേന്ദ്രം അനുവദിച്ചു. 15 തരം മൃഗങ്ങളുടെയും എട്ടുതരം പക്ഷികളുടെയും ഇവയുടെ വിവിധ ഇനങ്ങളുടെയും കണക്കാണ് ശേഖരിക്കുന്നത്. സെൻസസ് ഫലമനുസരിച്ചാവും മൃഗ സംരക്ഷണമേഖലയിലെ പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും. 2012ലായിരുന്നു കഴിഞ്ഞ കണക്കെടുപ്പ്. ഇത്തവണ തെരുവ് നായ്ക്കളെക്കുറിച്ചും മത്സ്യക്കൃഷി, മത്സ്യബന്ധനം, അനുബന്ധ പ്രവർത്തനം എന്നിവയെക്കുറിച്ചും വിവരം ശേഖരിക്കുന്നുണ്ട്.
ഒക്ടോബറിലായിരുന്നു അഖിലേന്ത്യാ കാനേഷുമാരിയുടെ ഭാഗമായി കണക്കെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാൽ, പ്രളയത്തിൽ ചത്ത വളർത്തുമൃഗങ്ങളുടെ വിശദാംശം ശേഖരിക്കാനായി കേരളം അധികസമയം ആവശ്യപ്പെട്ടു. ഇതോടെ ദേശീയതലത്തിലും സെൻസസ് വൈകി. ഓരോ വാർഡുകളിലുമുള്ള കശാപ്പുശാലകളുടെ വിവരവും ശേഖരിക്കുന്നുണ്ട്. രജിസ്‌ട്രേഷൻ ലഭിച്ചവ, ലഭിക്കാത്തവ എന്നിങ്ങനെ വേർതിരിക്കും. ഗുണമേന്മയുള്ള ഇറച്ചി ലഭ്യത ഉറപ്പുവരുത്തുന്നതിനാണിത്.
കണക്കെടുപ്പ് ഇങ്ങനെ..
ജിയോ മാപ്പിംഗ് നടത്തി മൃഗങ്ങളുടെ കണക്ക് ടാബ് വഴി രേഖപ്പെടുത്തും. കണക്ക് അപ്പപ്പോൾ സൂപർവൈസർമാർക്ക് നൽകും. അതത് മേഖലയിലെ വെറ്ററിനറി ഡോക്ടർമാരാണ് സൂപർവൈസർമാർ. കണക്കിൽ തെറ്റുകളുണ്ടോയെന്ന് പരിശോധിച്ച ശേഷം ആഴ്ചയിലൊരിക്കൽ വിവരങ്ങൾ സെൻട്രൽ സോഫ്റ്റ്‌വെയറിലേക്ക് സൂപ്പർവൈസർമാർ അയക്കും. 222 ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരാണ് ജില്ലയിലുള്ളത്. 86 പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോർപറേഷൻ എന്നിവിടങ്ങളിലായി സെൻസസ് എടുക്കേണ്ടത് 1794 വാർഡുകളാണ്. മെയ് 31നുള്ളിൽ സെൻസസ് പൂർത്തിയാക്കണമെങ്കിൽ ഒരു ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർക്ക് എട്ട് മുതൽ ഒമ്പത് വരെ വാർഡുകളിൽ കയറിയിറങ്ങേണ്ടി വരും. അതായത് ഒരു ദിവസം 40 മുതൽ 50 വീടുകൾ കയറിയിറങ്ങണം. മുൻകാലങ്ങളിൽ സർക്കാർ ധനസഹായം ലഭിച്ചത് മൂലം ഏതെങ്കിലും കർഷകർക്ക് ഗുണം ലഭിച്ചോയെന്ന കണക്കും ഇക്കുറി രേഖപ്പെടുത്തും.
പരമാവധി വളർത്ത് മൃഗങ്ങളെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്ക് നൽകാൻ വീട്ടുകാർ ശ്രദ്ധിക്കണം
പ്രദീപ് കുമാർ (ജില്ലാ മൃഗസംരക്ഷണ ഓഫീസർ)
കണക്കെടുപ്പ് 1794 വാർഡുകളിൽ
കണക്കെടുപ്പ് നടത്തുന്നത് 222 ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ...