pinarayi-vijayan

തൃശൂർ: ഭീകരവാദത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ച് നിന്നപ്പോൾ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രിയും ഭരണകക്ഷി നേതാക്കളും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതും ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ മേനിപറച്ചിലിനായി രാജ്യത്തെ സായുധ സേനയെ അപമാനിക്കുന്ന വാക്കുകൾ മോഹൻ ഭാഗവത് പറയാൻ പാടില്ലായിരുന്നു. അഭിനന്ദൻ വർദ്ധമാന് ബിഗ് സല്യൂട്ട് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിന്റെ കേരള സംരക്ഷണ യാത്രകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കേരള ജനതയോട് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത് അതെല്ലാം എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കി. ഇനിയും അത് തുടരും. നടപ്പിലാക്കാൻ കഴിയുന്നതേ തങ്ങൾ പറയുകയുള്ളൂ. സർക്കാർ ആയിരം ദിനത്തിലെത്തിയ വേളയാണിപ്പോൾ. ദേശീയ പാതാവികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും.

ഗെയിൽ പൈപ്പ് ലെയിൻ ഏതാനും ആഴ്ചകൾ കൊണ്ട് ഉദ്ഘാടനം ചെയ്യാനാകും. ആയിരം ദിനം മുൻപ് 600 രൂപയായിരുന്നു ക്ഷേമപെൻഷൻ. ഇപ്പോൾ 1200 രൂപയായി. നവ കേരളം സൃഷിക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എൻ. ജയദേവൻ എം.പി. അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജാഥകൾ നയിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.