pinarayi

തൃശൂർ: ഇനി അധികാരത്തിൽ വരാത്തവിധം ബി.ജെ.പിക്കെതിരെയുള്ള നിര ശക്തിപ്പെടണമെന്നും എത്ര കോടികൾ ഇറക്കിയാലും പാറ പോലെ ഉറച്ചുനിൽക്കുന്ന അംഗങ്ങളായിരിക്കും ഇടതുപക്ഷത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിലെത്തുന്നവരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നേതൃത്വം നൽകിയ കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു മുക്യമന്ത്രി.

രാജ്യം ഉറ്റുനോക്കുന്നൊരു സംസ്ഥാനമാണ് കേരളം. പാർലമെന്ററി ജനാധിപത്യത്തെ വിലകൊടുത്ത് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അതാണ് കർണാടകയിൽ കണ്ടത്. ജനാധിപത്യത്തിന് ഇത് ഭീഷണിയാണ്. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണെന്നു കണ്ടാൽ അവരെ കൊലപ്പെടുത്തണമെന്ന വികാരമുണ്ടാക്കുകയാണ് ബി.ജെ.പി. ചെയ്യുന്നത്. വർഗീയ ഭ്രാന്തിളക്കി വിടുകയാണവർ. സുപ്രീംകോടതിയോട് ഞങ്ങൾ പറയുന്ന വിധത്തിൽ വിധി പറയണമെന്ന് പറയുന്നു. തികഞ്ഞ ജാഗ്രതയോടെ ഈ തിരഞ്ഞെടുപ്പിനെ നേരിടണം. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാകണം പ്രധാന ലക്ഷ്യം. പാർലമെന്ററി ജനാധിപത്യവും ജനാധിപത്യവും രാജ്യത്തിന് വേണ്ട എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടത്തുന്ന ബി.ജെ.പി, മറ്റൊരു ഭാഗത്ത് വർഗീയത അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു..