തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നു നടന്നാലും നേരിടാൻ എൽ.ഡി.എഫ് സജ്ജമാണെന്ന് സി.പി.എം സംസാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പേരിൽ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നതിന്റെ തെളിവാണ് എൽ.ഡി.എഫ് ജാഥകൾക്ക് ലഭിച്ച ആവേശകരമായ സ്വീകരണങ്ങളിൽ വ്യക്തമായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ സ്വീകരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.
കടലും ആകാശവും കുത്തകകൾക്ക് വിറ്റ് രാജ്യത്തെ തകർത്ത കോൺഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്താൻ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തണം. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു കോൺഗ്രസുകാരൻ പോലും കേരളത്തിൽ നിന്ന് വിജയിച്ചില്ല. 2019ലും ഇതാണ് ആവർത്തിക്കാൻ പോകുന്നത്. ആഴ്ചയിലൊരിക്കൽ മോദി വന്നാലും അമിത് ഷാ കേളത്തിൽ ടെന്റ് കെട്ടി ദിവസവും താമസിച്ചാലും യോഗി ആദിത്യനാഥ് എത്രതവണ വന്നാലും കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് സീറ്റ് കിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
യാത്രകളുടെ ലക്ഷ്യം വിജയകരമായി പൂർത്തീകരിക്കാനായെന്ന് കാനം പറഞ്ഞു. ഇടത് സർക്കാരിന്റെ ജനപക്ഷ വികസനം നാടാകെ തിരിച്ചറിഞ്ഞുകഴിഞ്ഞു. എല്ലാവർക്കും വീടും, ക്ഷേമ പെൻഷനുകളിലെ വർദ്ധനയും അടക്കം സർക്കാരിന്റെ ജനകീയ വികസനപ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിയെന്ന് ഉറപ്പിക്കുന്നതാണ് യാത്രകളിൽ തൊഴിലാളികളും സ്ത്രീകളും കർഷകരും യുവതയും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു...