തൃശൂർ: അടുത്ത വർഷം അവസാനത്തോടെ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് വനം മന്ത്രി കെ. രാജു വ്യക്തമാക്കിയെങ്കിലും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഭാവി, കൊടുംവേനലും ജലദൗർലഭ്യവും എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് വിദഗ്ദ്ധർ. തൃശൂർ അടക്കമുള്ള ജില്ലകളിൽ 8 ഡിഗ്രിയിലധികം ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാട്ടിലെ മൃഗങ്ങളുടെ സ്വൈരവിഹാരത്തിനും ഭീഷണിയായിട്ടുണ്ട്.
കാട്ടുതീയും വരൾച്ചയും വേനൽച്ചൂടും കാരണം ആനയും കാട്ടുപന്നിയും മാനുകളും നാട്ടിൽ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. അതേസമയം, പാർക്കിന്റെ നടത്തിപ്പിന് സമൃദ്ധിയായി വെള്ളം ലഭ്യമാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. മണലിപ്പുഴയിൽ നിന്ന് വെള്ളം എടുക്കാൻ എസ്റ്റിമേറ്റ് ആയിട്ടുണ്ട്.
ചെക്ക് ഡാം കെട്ടിയും പുഴയോരത്ത് കിണർ കുഴിച്ചും വെളളം പമ്പ് ചെയ്യാനാണ് ശ്രമം. പുഴയോരത്ത് നിന്ന് പാർക്കിലേക്ക് നാല് കിലോമീറ്റർ ദൂരമുണ്ട്. രണ്ട് കിലോമീറ്റർ റോഡിലൂടെയും ബാക്കി കാട്ടിലൂടെയും വേണം വെള്ളമെത്തിക്കാൻ. തൃശൂരിന്റെ 25 വർഷത്തെ സ്വപ്‌നമായ പാർക്ക് യാഥാർത്ഥ്യമാകുന്നതിലൂടെ വികസന സാദ്ധ്യതകൾ ഉണ്ടാകുമെന്നാണ് മന്ത്രിമാർ പ്രത്യാശിക്കുന്നതെങ്കിലും കാലാവസ്ഥാ വ്യതിയാനം തന്നെയാകും മുഖ്യവെല്ലുവിളിയെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, വനപ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടുതീയുടെ കാരണങ്ങളും സ്വാഭാവവും വ്യാപ്തിയും സംബന്ധിച്ച് കേരള വനഗവേഷണ കേന്ദ്രം വിശദപഠനം നടത്തണമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 25 ലക്ഷം രൂപ നിരക്കിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത് ജലം ഉപയോഗിച്ച് കാട്ടുതീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഒമ്പത് ലക്ഷം ലിറ്റർ വെള്ളം
ദിവസം ഒമ്പത് ലക്ഷം ലിറ്റർ വെള്ളം പാർക്കിന്റെ നടത്തിപ്പിന് വേണ്ടിവരുമെന്നാണ് കണക്ക്. നാല് ലക്ഷം ലിറ്റർ പുതിയ വെള്ളം തന്നെ വേണം. ബാക്കി വെള്ളം പുന:ചംക്രമണത്തിലൂടെ ഉപയോഗിക്കാം. വേനൽ ശക്തമാകുന്ന ജനുവരി മുതൽ മേയ് വരെ നാല് ലക്ഷം ലിറ്റർ വെള്ളം കൊടുക്കാമെന്ന് ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്. പാർക്കിന് പുറമേയുള്ള രണ്ട് ക്വാറികൾ അക്വയർ ചെയ്യേണ്ടി വരും.
ഇതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ട്. ക്വാറികളിൽ നിലവിൽ വെള്ളമുണ്ടെങ്കിലും വേനൽ കടുത്താൽ വേണ്ടത്ര ഉണ്ടാകുമോ എന്ന് ഈ വർഷം കണ്ടറിയാം. ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പാർക്കിൽ തടാകം നിർമ്മിക്കാനും ലക്ഷ്യമുണ്ട്. മൂന്നാംഘട്ടത്തിൽ വീണ്ടും തടാകം നിർമ്മിക്കും. പാർക്കിനുള്ളിൽ രണ്ട് ക്വാറിയുണ്ടെങ്കിലും ജലസമൃദ്ധിയില്ല. ജനങ്ങൾക്ക് വെള്ളക്ഷാമം ഇല്ലാത്ത രീതിയിൽ വേണം പദ്ധതി നടപ്പാക്കാൻ. കൂടുകൾ കഴുകാനും സന്ദർശകരുടെ ആവശ്യങ്ങൾക്കുമാണ് ഏറെ വെള്ളം വേണ്ടിവരിക.
സന്ദർശകർ കൂടും
മാസം ഒരു ലക്ഷം പേരെങ്കിലും സന്ദർശകരായി എത്തുമെന്നാണ് കണക്കുകൂട്ടൽ. ഔഷധസസ്യങ്ങളും പുഷ്പിക്കുന്ന സസ്യങ്ങളും മൃഗങ്ങളുടെ ആവാസത്തിനായുള്ള വൃക്ഷങ്ങളും പാർക്കിൽ ഒരുക്കേണ്ടതുണ്ട്. തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ ഇവിടേയ്ക്ക് മാറ്റുന്നതോടെ അവിടെ ജൈവവൈവിദ്ധ്യ കേന്ദ്രമായി മാറ്റണം. വൃക്ഷങ്ങൾ അതേപോലെ നിലനിൽക്കണം. കോൺക്രീറ്റും നിർമ്മാണ പ്രവർത്തനങ്ങളും ഒഴിവാക്കി സാംസ്‌കാരിക ഇടമായി തൃശൂർ മൃഗശാല മാറണം.
എം. പീതാംബരൻ (സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ )...