ഗുരുവായൂർ: ഇന്ന് മഹാശിവരാത്രി; ആഘോഷങ്ങൾക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി. ചൊവ്വല്ലൂർ, മമ്മിയൂർ, പെരുന്തട്ട ക്ഷേത്രങ്ങളിൽ ഇന്ന് ശിവരാത്രി ആഘോഷിക്കും. ചൊവ്വല്ലൂർ ക്ഷേത്രത്തിൽ നാളെ രാവിലെ കാഴ്ചശീവേലിക്കു പെരുവനം കുട്ടൻ മാരാരുടെ മേളം, ഉച്ചയ്ക്ക് ഒന്നിന് പകൽപ്പൂരം എഴുന്നള്ളിപ്പിന് അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, വൈകീട്ടും രാത്രിയും പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

സന്ധ്യക്ക് കേളി, തായമ്പക, രാത്രി ഇടയ്ക്ക പ്രദക്ഷിണത്തോടെ വിളക്കെഴുന്നള്ളിപ്പും നടക്കും. ചടങ്ങുകൾക്ക് തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരിയും മേൽശാന്തി ഹരിനാരായണൻ നമ്പൂതിരിയും നേതൃത്വം നൽകും. മമ്മിയൂർ ശിവക്ഷേത്രത്തിൽ പുലർച്ചെ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. മഹാദേവന് ഭസ്മാഭിഷേകം, മഹാദേവനും മഹാവിഷ്ണുവിനും നവകാഭിഷേകം എന്നിവ നടക്കും.

കോലാട്ടംകുമ്മി, ഓട്ടൻ തുള്ളൽ, രാത്രി ഏഴിന് ഗന്ധർവാസിന്റെ സംഗീത സമന്വയം, രാത്രി ശ്രീഭൂതബലി എഴുന്നള്ളിപ്പിന് ശേഷം ഗുരുവായൂർ ക്ഷേത്രം കലാനിലയത്തിന്റെ ബാണയുദ്ധം കൃഷണനാട്ടവും അരങ്ങേറും. ചടങ്ങുകൾക്ക് മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരിയും മുരളി നമ്പൂതിരിയും കാർമികരാകും. പെരുന്തട്ട ശിവക്ഷേത്രത്തിൽ ശിവരാത്രിയോട് അനുബന്ധിച്ച് വിശേഷാൽ പൂജകൾ നടക്കും.