ചാലക്കുടി: പ്രളയത്തിൽ തകർന്ന മൂന്ന് നിർദ്ധന കുടുംബങ്ങൾക്ക് വീടും സ്ഥലവും സ്വന്തമാകുന്നു. നഗരസഭ ഇരുപതാം വാർഡിൽ കനാൽ പുറമ്പോക്കിലെ മൂന്ന് കുടുംബങ്ങൾക്കാണ് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. മഹാ പ്രളയത്തിൽ ഇവരുടെ വീടുകൾ പൂർണ്ണമായും തകർന്ന് പോയിരുന്നു. ഇനി എന്തെന്നറിയാതെ പകച്ചുനിന്ന ഇവർക്കായി വാർഡ് കൗൺസിലർ വി.ജെ. ജോജി കൈത്താങ്ങാവുകയായിരുന്നു.
സന്മനസുകളിൽ നിന്നും പണം സ്വരൂപിച്ച് തച്ചുടപറമ്പിൽ സ്ഥലം കണ്ടെത്തി. പിന്നീട് വീട് നിർമ്മിക്കുന്നതിനായി സർക്കാരിൽ നിന്നും 18 ലക്ഷം രൂപയും ലഭിച്ചു. വാർഡ് കൗൺസിലർ സ്വരൂപിച്ച രണ്ട് ലക്ഷം അടക്കം 20 ലക്ഷം രൂപ ചെലവിലാണ് ഇപ്പോൾ മൂന്ന് വീടുകൾ നിർമ്മിക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ശിലകളുടെ ആശിർവാദ കർമ്മം നിർവ്വഹിച്ചു. ബി.ഡി. ദേവസി എം.എൽ.എ ശിലാസ്ഥാപനം നടത്തി.
നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ മുഖ്യാതിഥിയായി. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പാലാട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഗീത സാബു, പി.എം. ശ്രീധരൻ, ആലീസ് ഷിബു, കൗൺസിലർമാരായ ഷിബു വാലപ്പൻ, സീമ ജോജോ, ലൈജി തോമസ്, വി.ജെ. ജോജി എന്നിവർ പ്രസംഗിച്ചു.