കുന്നംകുളം: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ സഹായത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ എല്ലാ വർഷവും നടത്തിവരുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി യോഗം കുന്നംകുളത്ത് നടന്നു. മാർച്ച് 28 മുതൽ ഏപ്രിൽ ഏഴ് വരെയാണ് കുന്നംകുളം പട്ടാമ്പി റോഡിലെ ചെറുവത്തൂർ ഗ്രൗണ്ടിൽ സരസ് മേള സംഘടിപ്പിക്കുന്നത്.
കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി യോഗം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് യോഗത്തിൽ അദ്ധ്യക്ഷയായിരുന്നു. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവി സുമതി, ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ. സതീശൻ, കുടുംബശ്രീ ചീഫ് ഓപറേറ്റിംഗ് ഇൻസ്‌പെക്ടർ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
മേളയുടെ വിപുലമായ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എസ്. സുനിൽകുമാർ, പി.കെ. ബിജു എം.പി തുടങ്ങിയവർ രക്ഷാധികാരികളും മന്ത്രി എ.സി. മൊയ്തീൻ ചെയർമാനുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ തന്നെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്.