സൂര്യവികിരണങ്ങളും മാരകം
തൃശൂർ: കൊടുംചൂടിന്റെ തുടർച്ചയായി ഉഷ്ണതരംഗം അനുഭവപ്പെട്ടു തുടങ്ങുമ്പോൾ മാരകമായ സൂര്യവികിരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമല്ലാത്തതിനാൽ സൂര്യവികിരണങ്ങൾ നേരിട്ട് പതിക്കും.
സൂര്യാഘാതം, നേത്രരോഗങ്ങൾ, ചർമ്മാർബുദം എന്നിവയ്ക്കു കാരണമാകുന്ന അൾട്രാവയലറ്റ് വികിരണത്തിന്റെ തീവ്രത സംസ്ഥാനത്ത് ഉയർന്ന തോതിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വികിരണതീവ്രതയും അപകടസാദ്ധ്യതയും കണക്കിലെടുത്താൽ ഒന്നു മുതൽ 15 വരെയുള്ള നിരക്കിൽ ഏറ്റവും ഉയർന്ന 11 മുതൽ 15 വരെയുള്ള മേഖലയിലാണ് സംസ്ഥാനം.
15 രേഖപ്പെടുത്തിയതിൽ ജില്ലയും സ്വരാജ് റൗണ്ടുമുണ്ടായിരുന്നു. അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്തുന്നതിൽ നിന്ന് ഫലപ്രദമായി തടയുന്ന ഓസോൺ പാളിയുടെ നാശവും വിള്ളലുമാണ് അൾട്രാവയലറ്റ് ഇൻഡക്‌സ് തീവ്രതയിലെത്തുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച 4.4 ഡിഗ്രിവരെ അധിക ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തൃശൂർ മുതൽ കണ്ണൂർ അടക്കമുള്ള ജില്ലകളിൽ ബുധനാഴ്ച വരെ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് നൽകിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഉഷ്ണതരംഗത്തിനുളള സാദ്ധ്യത ചൂണ്ടിക്കാണിച്ചിരുന്നു. തൃശൂരിൽ 37 ഡിഗ്രി വരെ ഈ വർഷം ചൂട് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഏറ്റക്കുറച്ചിലും കാണിച്ചിരുന്നു.
സൂര്യാഘാതം പ്രതിരോധിക്കുന്നതിനായി പുറംജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 11 മുതൽ 3 മണി വരെ പുറം തൊഴിലുകൾ ഒഴിവാക്കണമെന്ന് ലേബർ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. നിർമ്മാണ മേഖലയിലടക്കം തൊഴിൽ സമയം ക്രമീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിർദ്ദേശം തൊഴിൽദാതാക്കൾ കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും തൊഴിൽവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാരണങ്ങൾ പലത്
ശരാശരി അനുഭവപ്പെടുന്ന ചൂടിനേക്കാൾ മൂന്നോ നാലോ ഡിഗ്രി പെട്ടെന്ന് ഉയരുകയും അത് രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉഷ്ണതരംഗം. വടക്കുനിന്നുള്ള ഉഷ്ണക്കാറ്റും തെളിഞ്ഞ ആകാശവും ഭൂമദ്ധ്യരേഖയ്ക്ക് മുകളിലായി സൂര്യൻ നിലകൊള്ളുന്നതും ആഗോളതാപനഫലമായി ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതുമാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നത്. ഉത്തരായനം കഴിഞ്ഞ് സൂര്യൻ ദക്ഷിണാർദ്ധ ഗോളത്തിലേക്ക് തിരിച്ചുപോകുന്നത് സെപ്തംബർ 23നാണ്. അപ്പോഴും ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ സൂര്യൻ വരുമെങ്കിലും മൺസൂൺ കാലമായതിനാൽ കേരളത്തിൽ ചൂട് കൂടുതൽ അനുഭവപ്പെടാറില്ല. 2016 ലാണ് കോഴിക്കോടും പാലക്കാടും ഉഷ്ണതരംഗമുണ്ടായത്.
ഡോ. സി.എസ്. ഗോപകുമാർ (കാലാവസ്ഥാ ഗവേഷകൻ)
പ്രതിരോധിക്കാം
സൂര്യന്റെ ഉച്ചസ്ഥായി സമയത്ത് ( 11 മുതൽ മൂന്നു വരെ) വെയിൽ ഒഴിവാക്കണം.
സൂര്യപ്രകാശ തീവ്രത കുറയ്ക്കുന്ന ലോഷനുകൾ ഉപയോഗിക്കാം.
കനംകുറഞ്ഞ വസ്ത്രങ്ങൾ, സൺഗ്ലാസ്, തൊപ്പി എന്നിവ ധരിക്കണം.
ധാരാളം വെള്ളം കുടിക്കാം. കുട ചൂടണം.
പരീക്ഷകളുള്ള സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളം ഉറപ്പാക്കണം.
സൂര്യാഘാതമുണ്ടായാൽ
തണുപ്പുള്ള സ്ഥലത്ത് കിടത്തി നനഞ്ഞ തുണികൊണ്ട് ശരീരം മുഴുവൻ തുടയ്ക്കണം. വെള്ളം കുടിക്കാൻ നൽകി ശരീരോഷ്മാവ് സാധാരണ നിലയിലേക്ക് എത്തിക്കുക. ഒ.ആർ.എസ് ലായനി, നാരങ്ങവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ കൊടുക്കുക. സൂര്യാഘാതം മരണ കാരണം ആവാമെന്നുള്ളതിനാൽ ഉടനെ ആശുപത്രിയിലെത്തിക്കുക.