ചാലക്കുടി: ങ്യാഹ്ഹ........അനിതര സാധാരണമായ ആ ചിരി മാറ്റൊലിയായി അവശേഷിപ്പിച്ച് മണി കടന്നുപോയിട്ട് നാളേക്ക് മൂന്നു വർഷം. പട്ടിണി കിടന്ന് സ്‌കൂൾ പഠനം, ആട്ടോയോടിച്ച് ഉപജീവനം, ഒടുവിൽ തെന്നിന്ത്യൻ സിനിമയിലൂടെ രഥയാത്ര. ചേനത്തുനാട് കുന്നിശ്ശേരി രാമൻ മകൻ മണിയുടെ ജാതകം ഇതാണ്. എന്നാൽ സകല അലങ്കാരങ്ങളെയും നിഷ്പ്രഭമാക്കുന്നതാണ് കലാഭവൻ മണിയെന്ന പച്ചയായ മനുഷ്യന്റെ യഥാർത്ഥ ജീവിതം. കൂട്ടുകാർക്കും നാട്ടുകാർക്കും തോഴനായും രക്ഷനായും ഇക്കാലമത്രയും എപ്പോഴും എവിടെയുമുണ്ടായിരുന്നു. സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള മിന്നൽ യാത്രയ്ക്കിടയിൽ വീണുകിട്ടുന്ന ഇടവേളകൾ പഴയകാല ചങ്ങാതിമാർക്കായി മാറ്റിവച്ചു. വിശക്കുന്ന വയറുകളെ കാണുമ്പോൾ, തന്റെ ബാല്യകാലവും അവരോടൊപ്പം ചേർത്ത് വായിച്ച് മണിയുടെ കണ്ണുനിറഞ്ഞു.
തനിക്ക് കിട്ടാതെപോയ വിദ്യാകടാക്ഷം നാട്ടിലെ പാവപ്പെട്ടവന്റെ മക്കളിലേക്ക് എത്താൻ പലർക്കും കൈനിറയെ പണം നൽകി. താൻ പഠിച്ചുവളർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സഹായ ഹസ്തം നീട്ടി. അങ്ങനെ നാട്ടുകാരന്റെ, സാധാരണക്കാരന്റെ എല്ലാമെല്ലായിരുന്നു ഈ കലാകാരൻ. ഇനിയുടെ എത്രയോ കാലം സനിമയിലും പ്രദർശന വേദികളിലും മിന്നിത്തിളങ്ങേണ്ടതായിരുന്നു ആ കലാജീവിതം. എന്നാൽ വിധി അദ്ദേഹത്തിന്റെ ജീവിത്തിൽ അകാലത്തിലേ തിരശീലയിട്ടു. മണിക്കായി സ്മാരകം നിർമ്മിക്കുന്നതിന് സംസ്ഥാന സക്കാർ എഴുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. നഗരസഭ ഇതിന് 15 സെന്റ് സ്ഥലവും നൽകി. അധികം വൈകാതെ അദ്ദേഹത്തിന്റെ സ്മരണകളെ താലോലിക്കാൻ മുനിസിപ്പൽ പാർക്കിൽ കെട്ടിടം ഉയരും.