ചെറുതുരുത്തി : പാഞ്ഞാളിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിരമിച്ച അദ്ധ്യാപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതി അറസ്റ്റിലായി. എളവള്ളി സ്വദേശിയും ഛത്തീസ്ഗഡ് മഞ്ചേരിയിൽ താമസക്കാരനുമായ പി.കെ ബാലനാണ് (69) പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി 28 നാണ് പാഞ്ഞാൾ കാട്ടിലക്കാവിനു സമീപം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ രണ്ടു ദിവസമായി അഴുകിയ നിലയിൽ അദ്ധ്യാപിക ശോഭനയുടെ മൃതദേഹം നാട്ടുകാർ കണ്ടത്. സമീപവാസികളുമായി രസചേർച്ചയില്ലാത്ത ശോഭനയുടെ മരണം നാടിനെ നടുക്കി. ചോരയൊഴുകിയ നിലയിൽ വികൃതമായ മുഖവും, ആഭരണങ്ങൾ കളവു പോയതും കൊലപാതക സൂചന നൽകി. ശോഭനയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ഫെബ്രുവരി 25 ഉച്ച വരെ മൊബൈൽ പ്രവർത്തന ക്ഷമമായിരുന്നു. തുടർന്ന് മൊബൈൽ കോൾ ഡീറ്റയിൽസ് പരിശോധിച്ച് അവസാനം വന്ന കോളുകൾ പരിശോധിച്ചു. സംഭവ ദിവസം പ്രസ്തുത ടവറിന് കീഴിലുണ്ടായ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പിന്നെയുള്ള അന്വേഷണം. ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്രയുടെ നിർദ്ദേശ പ്രകാരം കേസേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ തേടി ആന്ധ്രയിലും, ഛത്തീസ്ഗഡിലുമെത്തി.
ഈ വിവരമറിഞ്ഞ പ്രതി കേരളത്തിലേക്ക് വീണ്ടുമെത്തുന്നതറിഞ്ഞ് പ്രതിയെ പൊലീസ് പിന്തുടർന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ പ്രതിയെ പിടികൂടി ബാഗ് പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട അദ്ധ്യാപികയുടെ ആഭരണങ്ങളും, മൊബൈൽ ഫോണും കണ്ടെത്തി. രണ്ട് സ്വർണ്ണമാലകൾ, നെക്ലസ്, നാലു വള, രണ്ട് മോതിരം, ഒരു താലി എന്നിവ കണ്ടെടുത്തു. അദ്ധ്യാപികയുമായി മൂന്ന് മാസക്കാലത്തെ പരിചയമുപയോഗിച്ചാണ് ഇയാൾ മൂന്നാംതവണ വീട്ടിലെത്തുന്നത്. ആഭരണങ്ങൾ കൈക്കലാക്കാമെന്ന മോഹത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
ഭാര്യയും , മക്കളുമായി പിരിഞ്ഞ് അലയുന്ന പ്രകൃതക്കാരനാണ് ബാലൻ. 9 വർഷക്കാലം പട്ടാളത്തിലും, തുടർന്ന് മഹാരാഷ്ട്ര വനംവകുപ്പ് ഉദ്യോഗസ്ഥനായും ജോലി ചെയ്തു. സുഖവാസ കേന്ദ്രങ്ങളിലും, ലോഡ്ജുകളിലുമാണ് ജീവിതം. തൃശൂർ വടക്കാഞ്ചേരിയിൽ വെച്ചാണ് അദ്ധ്യാപികയെ പരിചയപ്പെട്ടത്. അദ്ധ്യാപിക ആദ്യം ഇയാളെ പരിചയപ്പെടുകയും, വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കുന്നംകുളം എ.സി.പി മുരളീധരൻ, ചെറുതുരുത്തി എസ്.ഐ വി.പി സിബീഷ് , ക്രൈംബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ അഷറഫ്, ഹബീബ്, രാഗേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് നായ ഡോണ, ഫൊറൻസിക്, സൈബർ സെൽ ടീം എന്നിവരുടെ കൂട്ടായ്മയിലാണ് തെളിവുകൾ ശേഖരിച്ചത്...