തൃപ്രയാർ: അന്ധമായ മോദി വിരോധം കൊണ്ട് ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനും ഇമ്രാൻ ഖാന്റെ ആരാധകരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടമുട്ടം സെന്ററിൽ നടന്ന കെ.കെ ദിവാകരൻ ബലിദാന ദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ ചൈനയുടെ സഖ്യകക്ഷി ആയതു കൊണ്ടാണ് കോടിയേരിയും സി.പി.എമ്മും ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും എതിരായ നിലപാട് എടുക്കുന്നത്. രാജ്യത്ത് ഇന്ന് ശക്തമായ ഒരു ഭരണകൂടമാണ് ഉള്ളത്. അത് ലോക രാജ്യങ്ങൾക്ക് അറിയാവുന്നത് കൊണ്ടാണ് ലോകം മുഴുവൻ ഇന്ത്യയോടൊപ്പം നിൽക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിജു തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെപി ജില്ല പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് സേവ്യൻ പള്ളത്ത്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, കെ.വി അരുൺ ഗിരി, കെ.ആർ ബാലാസിംഗ്, രാമചന്ദ്രൻ വന്നേരി, കെ.വി ലൗലേഷ്, രശ്മി ബിജു, അമൃത മുരളി, പ്രദീപ് മുതിരപ്പറമ്പിൽ കെ.എസ് ശരവണൻ എന്നിവർ സംസാരിച്ചു..