തിരുവനന്തപുരം: സി.പി.ഐയിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ പോരാളികൾ അരയും തലയും മുറുക്കി അടർക്കളത്തിൽ.
തലസ്ഥാനത്ത് ഇക്കുറി പൊരിഞ്ഞ മത്സരമായിരിക്കുമെന്ന്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയോഗം കൈവന്നയുടൻ പറഞ്ഞ സി. ദിവാകരൻ ഇന്നലെ രാവിലെ ആദ്യമെത്തിയത് എ.കെ.ജി സെന്ററിൽ. അപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം അന്തരിച്ച ഒ.എൻ.വി, പി.ഗോവിന്ദപ്പിള്ള എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ആശീർവാദം തേടി. പിന്നെ, സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ സന്ദർശിച്ച് സൗഹൃദത്തിന് ഉറപ്പുകൂട്ടി.
സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദിവാകരൻ ഗോദയിലിറങ്ങിക്കഴിഞ്ഞു. വിജയത്തിൽ സംശയമില്ലെന്നായിരുന്നു, മാദ്ധ്യമങ്ങളോട് ദിവാകരന്റെ പ്രതികരണം.
തൃശൂരിലേക്കു ടിക്കറ്റു കിട്ടിയ രാജാജി മാത്യു തോമസ് തിങ്കളാഴ്ചത്തെ പാർട്ടി സംസ്ഥാന കൗൺസിൽ കഴിഞ്ഞ് വൈകിട്ടു തന്നെ പുറപ്പെട്ടത് തൃശൂരിലേക്ക്. ഇന്നലെ രാവിലെ തൃശൂരിലെത്തിയ രാജാജി സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടൻ സ്മാരകത്തിലെത്തി നേതാക്കളെ കണ്ട് പ്രചാരണത്തിന് തുടക്കമിട്ടു. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള വോട്ടുപിടിത്തത്തിനും തുടക്കമായി. പോസ്റ്ററുകൾക്കും സാമൂഹിക മാദ്ധ്യമങ്ങൾക്കുമായുള്ള ഫോട്ടോ ഷൂട്ട് കഴിഞ്ഞു. സോഷ്യൽ മീഡിയ പ്രചാരണത്തിനായി പ്രത്യേക ടീം സി.പി.ഐ ഓഫീസിൽ 'ലോഗിൻ' ചെയ്‌തു. ബൂത്ത് തല പ്രവർത്തനവും ഉഷാർ.
ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച കഴിഞ്ഞ് രാജാജി സാഹിത്യ അക്കാഡമിയിലെത്തി പ്രസിഡന്റ് വൈശാഖനെയും സെക്രട്ടറി കെ.പി. മോഹനനെയും കണ്ടു. അനുകൂലമായ സാഹചര്യമാണ് മണ്ഡലത്തിലെന്നാണ് രാജാജിയുടെ വിലയിരുത്തൽ. ഏഴ് നിയമസഭാ മണ്ഡലങ്ങളും ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടതുവശം ചേർന്നാണെന്നിരിക്കെ പേടി വേണ്ടെന്നാണ് പൊതുവെ സി.പി.ഐ കരുതുന്നത്.
ചർച്ച് ആക്ടും ശബരിമല സ്ത്രീ പ്രവേശനവും ഉൾപ്പെടെയുള്ള വിശ്വാസ പ്രശ്‌നങ്ങൾ ബാധിക്കില്ലെന്നും, മണ്ഡലത്തിൽ ബി.ജെ.പി അനുകൂല സാഹചര്യമുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും രാജാജി പറഞ്ഞു. മണ്ഡലത്തിലെ പുതിയ വോട്ടുകൾ പാർട്ടിക്കു ഗുണമാകുമെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന്റെ വിശ്വാസം. വയനാട്ടിൽ ഇടതു സ്ഥാനാർത്ഥിയായ പി.പി. സുനീർ ഇന്ന് മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങും. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും പ്രവർത്തകരെ കണ്ട് പ്രചാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്‌തു.