alathur-lok-sabha-seat

തൃശൂർ: ആലത്തൂരിൽ സി.പി.എം മൂന്നാംവട്ടവും പി.കെ. ബിജുവിന് സീറ്റ് നൽകാൻ ധാരണയിലെത്തിയതോടെ എതിരിടാൻ പ്രതിച്ഛായയുള്ള യുവനേതാവിനെയാകും കോൺഗ്രസ് നിയോഗിക്കുകയെന്ന് തീർച്ച.

ആദ്യഘട്ടത്തിൽ ആലത്തൂരിനായി കാൽപ്പന്തുകളിയിലെ മുൻ ഇന്ത്യൻ ഉസ്‌താദ് ഐ.എം. വിജയനു വേണ്ടി കോൺഗ്രസ് ഒന്നു വലവിരിച്ചു നോക്കിയതാണ്. പക്ഷേ, കളിക്കളത്തിലെ കറുത്ത മുത്ത് ആ പന്തു തൊട്ടില്ല. ഡി.സി.സിയിൽ നിന്ന് കെ.പി.സി.സിക്കു കൈമാറിയ സാദ്ധ്യതാ പട്ടികയിൽ ഉള്ളത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.സി. ശ്രീകുമാർ, കെ.വി. ദാസൻ, 2009- ൽ മത്സരിച്ച എൻ.കെ. സുധീർ, എം.വി. സുരേഷ്, സുനിൽ ലാലൂർ, കെ.വി.ശശികുമാർ, ശ്രീലാൽ ശ്രീധർ എന്നിവരുണ്ടെന്നാണ് കേൾവി. എന്തായാലും ജംബോ പട്ടികയിൽ നേതൃത്വം തൃപ്തരല്ല.

പാലക്കാട് ജില്ലയിൽ ആലത്തൂരിനു പുറമേ, ചിറ്റൂർ, തരൂർ, നെന്മാറ, തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളും ഇടതു കോട്ടകളാണ്. 43 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ വടക്കാഞ്ചേരി മാത്രമുണ്ട് കോൺഗ്രസിന്റെ കൈയിൽ. ഈ സാഹചര്യത്തിൽ ആരെ കണ്ടെത്തുമെന്നാണ് ചോദ്യം. വനിതാപ്രാതിനിദ്ധ്യം ഉറപ്പാക്കാൻ, ചേലക്കര നിയമസഭാ മണ്ഡലത്തിൽ നേരത്തേ മത്സരിച്ച കെ.എ. തുളസിയെ പരിഗണിക്കുന്നതായി സൂചനയുണ്ടായിരുന്നു.

എൻ.ഡി.എ ഇത്തവണ ആലത്തൂരിൽ ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്. ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവിന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും മാറ്റമുണ്ടായേക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര, നെന്മാറ മണ്ഡലങ്ങളിൽ എൻ.ഡി.എ ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു.

2014 ലെ വോട്ടുനില:

പി.കെ. ബിജു (സി.പി.എം): 4,11, 808

ഇ.കെ. ഷീബ (കോൺഗ്രസ്): 3,74, 496

ഷാജുമോൻ വട്ടേക്കാട് (ബി.ജെ.പി): 87,803

പി.കെ. ബിജുവിന്റെ ഭൂരിപക്ഷം: 37,312