കൊടുങ്ങല്ലൂർ : സേവന മികവിൽ മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികളിലൊന്നായ താലൂക്ക് ആശുപത്രിയിൽ ഫൈവ് പാർട്ട് ഹെമറ്റോളജി അനലൈസറും ഡേകെയർ കീമോതെറാപ്പി യൂണിറ്റും പ്രവർത്തന സജ്ജമായി. കീമോതെറാപ്പി യൂണിറ്റ് സജ്ജമായതോടെ, ഇനി കാൻസർ രോഗബാധിതർക്ക് കീമോ തെറാപ്പിക്കായി ജില്ലാ ആസ്ഥാനത്തോ തിരുവനന്തരപുരത്തോ പോകേണ്ട.

മലേറിയ പാരസൈറ്റുകളെ വരെ വേർതിരിച്ചറിയാൻ കഴിയുന്ന ഫൈവ് പാർട്ട് ഹെമറ്റോളജി അനലൈസർ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള പതിനൊന്നര ലക്ഷം രൂപ ചെലവിട്ടാണ് യാഥാർത്ഥ്യമാക്കിയത്. ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ താലൂക്ക് ആശുപത്രിക്ക് നൽകിയ മൂന്ന് ലക്ഷം രൂപയും മുൻ എ.ഐ.വൈ.എഫ് നേതാവ് എം.പി. പ്രശാന്ത് വിവാഹ ചെലവ് ചുരുക്കി, സമർപ്പിച്ച രണ്ട് ലക്ഷം രൂപയും പകർച്ചേതരവ്യാധി വകുപ്പിൽ നിന്നും ലഭിച്ച ഒമ്പത് ലക്ഷം രൂപയും ഉപയോഗിച്ചാണ് ഡെ കെയർ കീമോതെറാപ്പി യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്.സാന്ത്വന പരിചരണ പദ്ധതിയിൽ നിന്നും ലഭ്യമായ 4.6 ലക്ഷം രൂപയും കീമോ തെറാപ്പി യൂണിറ്റിനായി ചെലവഴിച്ചു.

നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.പി. പ്രശാന്ത് മുഖ്യാതിഥിയായി. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ, ലേ സെക്രട്ടറി വി.കെ. സെയ്ത്, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ.വി.കെ. മിനി, ഡോ. ബിന്ദു തോമസ്, ജനപ്രതിനിധികളായ കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, ഡോ. ആശാലത, ബിന്ദു പ്രദീപ്, ശോഭ ജോഷി തുടങ്ങിയവർ സംസാരിച്ചു. ...