jathithottam
പൂലാനിയിൽ ഉണങ്ങി കരിയുന്ന ജാതിത്തോട്ടം.

ചാലക്കുടി: കരിഞ്ഞുണങ്ങുന്ന പച്ചക്കറിക്കൃഷി, ഇലയും കായും പൊഴിഞ്ഞ് വിറങ്ങലിച്ച് നിൽക്കുന്ന ജാതിത്തോട്ടങ്ങൾ. ഇത് കൊടുംവരൾച്ച നേരിടുന്ന മേലൂർ പഞ്ചായത്തിന്റെ നേർക്കാഴ്ച. വറ്റിവരളുന്ന ജലാശയങ്ങളെ നോക്കി അന്തംവിട്ടു നിൽക്കുകയാണ് കൃഷിയെ മാത്രം ഉപജീവനമാക്കിയ ഇവിടത്തെ കർഷകർ.

തങ്ങൾ ചെയ്തത് പാഴ് വേലയായെന്ന് രണ്ടുമാസം മുമ്പേ ബോദ്ധ്യമായിരുന്നു പയർ കൃഷി ഇറക്കിയവർക്ക്. ഇടമഴ ചതിച്ചതും കനാൽ വെള്ളം ലഭിക്കാത്തതും പയർകൃഷിയുടെ കൂമ്പുവാട്ടി. നാടുതോറും കൂടുതലാളുകൾ ഇക്കുറി പയർകൃഷിയിലേക്ക് തിരിഞ്ഞതും ഈ നാടൻ കറി വിഭവത്തിന് വിലയില്ലാതാക്കി. ഇതിന്റെ ആകെത്തുകയാണ് നിരവധി തോട്ടങ്ങളിൽ വിത്തിന് പോലും ഉപയോഗിക്കാനെടുക്കാതെ ഉണങ്ങി നശിക്കുന്ന പയർച്ചെടികൾ.

പാവൽ, കുമ്പളം, മത്തൻ തുടങ്ങിയ കാർഷിക വിളകളും കത്തുന്ന വേനലിനെ അതിജീവിക്കാനാകാതെ മഞ്ഞളിച്ചുപോയി. പൂലാനിയിലെ പെരിങ്ങാത്ര മോഹനന്റെ പാവൽതോട്ടം നോക്കുമ്പോൾ നാട്ടുകാരുടെ നെഞ്ചകം നീറും. അരയേക്കർ പന്തലിൽ പടർന്നു കയറിയ പാവലം നാമമാത്രമായേ വിളവെടുക്കാൻ കഴിഞ്ഞുള്ളൂ. വെയിലേറിൽ ഇവയെല്ലാം മഞ്ഞനിറം ബാധിച്ചു. ഇതോടൊപ്പമുള്ള പടവലത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഇതു പല കർഷകരുടെയും ദുരവസ്ഥ.

ജാതിത്തോട്ടങ്ങളിൽ വെള്ളമില്ലാതാകുമ്പോൾ കർഷകരുടെ പതിറ്റാണ്ടുകൾ വരെയുള്ള വരുമാനമാണ് കരിഞ്ഞുണങ്ങുന്നത്. മേലൂർ, പൂലാനി, പുഷ്പഗിരി, പന്തൽപ്പാടം എന്നിവിടങ്ങളിൽ വ്യാപകമായാണ് ജാതിത്തോട്ടങ്ങൾ ഉണങ്ങി നശിക്കുന്നത്. തോട്ടങ്ങളിൽ വെള്ളം എത്തിക്കുന്ന കുളങ്ങൾ വറ്റിയതാണ് വിനയായത്. വാടിയതോടെ ചെറുകായകളെല്ലാം നിലംപൊത്തി. ഇലകളും കരിയുന്നുണ്ട്. രണ്ടാഴ്ച കൂടി ഈയവസ്ഥ തുടർന്നാൽ മേലൂർ ഗ്രാമത്തിന്റെ സമ്പദ് ഘടനയെ താങ്ങിനിറുത്തുന്ന ജാതിക്കൃഷി വേരറ്റുപോകുമെന്ന ആശങ്കയുണ്ട്.

മാങ്കോസ്റ്റിൻ കൃഷിയിലേക്ക് തിരിഞ്ഞ കർഷകരും നട്ടംതിരിയുന്നു. വെള്ളം കിട്ടാതെ മാങ്കോസ്റ്റിൻ ഇലകൾ പൊഴിഞ്ഞുതുടങ്ങി. ഇക്കുറി മാങ്കോസ്റ്റിൻ വിളവെടുപ്പ് നടത്താൻ കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പായി. കൂടാതെ ഇവയുടെ നിലനിൽപ്പും ചോദ്യചിഹ്നമായി മാറുന്നു. പാടശേഖരങ്ങളിലെ കുളങ്ങൾ ഒന്നൊഴിയാതെ വറ്റിവരണ്ടതാണ് എല്ലാം കൃഷികളേയും തകർക്കുന്നത്. ഭൂരിഭാഗം കുളങ്ങിലും ഇപ്പോൾ ഒരടിമാത്രമാണ് വെള്ളം. ഇതു മോട്ടോറുകളുടെ പമ്പിംഗിന് തടസ്സമായി.

കുളങ്ങളുടെ ദയനീയ സ്ഥിതി മത്സ്യം വളർത്തൽ കൃഷിയെയും ബാധിച്ചിട്ടുണ്ട്. ചെറിയ അളവിൽ മാത്രം വെള്ളമുള്ള കുളങ്ങളിൽ ആയിരക്കണക്കിന് മത്സ്യങ്ങളാണ് പരക്കംപായുന്നത്. പൂലാനിയിൽ കർഷകൻ മോഹനൻ ഇരുപതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിയെങ്കിലും ഇതുവരെയും കാര്യമായ വിളവെടുപ്പ് നടന്നില്ല. പ്രളയം കഴിഞ്ഞതിന്റെ ആഘാതം വിട്ടുമാറും മുമ്പേ മറ്റൊരു ആഘാതമാണ് കൊടുംവരൾച്ചയിലൂടെ എത്തുന്നത്.