ചാവക്കാട്: സി. അച്ചുതമേനോൻ ഭവന പദ്ധതിയുടെ ഭാഗമായി സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ മുത്തമ്മാവിൽ നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം മാർച്ച് എട്ടിന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ഒരുമനയൂർ തൈക്കടവിൽ പി.ജെ. നൂർജഹാൻ സുബൈറിനാണ് പാർട്ടി വീട് നിർമ്മിച്ച് നൽകുന്നത്. ജില്ലയിലെ ഒമ്പതാം വീടാണിത്. 2018 മാർച്ച് 31ന് ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രനാണ് വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.
സി.പി.ഐ അംഗങ്ങളിൽ നിന്നും ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് 675 ചതുശ്ര അടി വിസ്തീർണ്ണത്തിൽ 8 ലക്ഷം രൂപ ചെലവഴിച്ച് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സി.എൻ. ജയദേവൻ എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുധീരൻ, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ടീച്ചർ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പുള്ളി, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത്, വാർഡ് മെമ്പർ കെ.വി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, അസി. സെക്രട്ടറി സി.വി. ശ്രീനിവാസൻ, ഒരുമനയൂർ ലോക്കൽ സെക്രട്ടറി കെ.വി. കബീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.