തൃശൂർ : തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിക്കലെത്തി നിൽക്കെ എൽ.ഡി.എഫ് ഒഴിച്ചുള്ള കക്ഷികളുടെ സ്ഥാനാർത്ഥി ചിത്രം വ്യക്തമല്ലെങ്കിലും ബൂത്ത്തല പ്രവർത്തനങ്ങൾ സജീവമാക്കി പാർട്ടികൾ. പ്രധാനപ്പെട്ട കക്ഷികളായ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ എന്നിവരെല്ലാം തന്നെ താഴെ തട്ടിലുള്ള പ്രവർത്തനം ആദ്യ റൗണ്ട് ഇതിനകം പൂർത്തിയാക്കി.
വോട്ടർ പട്ടികയിൽ തങ്ങളുടെ വോട്ടുകൾ പൂർണ്ണമായും ഉൾപ്പെട്ടിട്ടുണ്ടോയെന്ന പരിശോധനകളിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. പുതിയ പേരുകൾ ചേർക്കാനുള്ള പ്രവർത്തനവും സജീവമാണ്. അക്ഷയകേന്ദ്രങ്ങളിലും മറ്റും തിരക്ക് അനുഭവപ്പെടുന്നുണ്ട്. വില്ലേജ് ഓഫീസുകളിൽ വോട്ടർ പട്ടിക പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ച് കഴിഞ്ഞു. കോൺഗ്രസും ബി.ജെ.പിയും തങ്ങളുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ടെങ്കിലും തീരുമാനം വരാൻ വൈകിയേക്കും. കോൺഗ്രസിന്റെ സീറ്റിൽ ആര് മത്സരിക്കണമെന്നത് യു.ഡി.എഫ് സീറ്റ് ചർച്ച പൂർത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കും വ്യക്തമാകുക. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാർ നയിക്കുന്ന ജാഥകൾ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞാൽ മാത്രമെ സ്ഥാനാർത്ഥി ആരാകും എന്ന് വ്യക്തമാകൂ..
സി.പി.എം
സി.പി.എം ആദ്യഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ലോക്കൽതല കുടുംബ സംഗമങ്ങൾ ആഴ്ചകൾക്ക് മുമ്പേ പൂർത്തിയായി. രണ്ടാം ഘട്ടം എന്ന നിലയിൽ വനിതാ പാർലമെന്റ് സമ്മേളനങ്ങളാണ് നടന്നു വരികയാണ്. പലയിടങ്ങളിലും ചുമരെഴുത്തുകളും ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച് തീരുമാനം വന്നതോടെ ഇനി എൽ.ഡി.എഫ് എന്ന രീതിയിലേക്ക് പ്രവർത്തനം വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കോൺഗ്രസ്
എറണാകുളത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലൂടെ ബൂത്ത് തല പ്രവർത്തനം ഏറെ സജീവമാക്കി കഴിഞ്ഞു. എത്ര ഉന്നത നേതാക്കളായാലും ബൂത്ത്തല പ്രവർത്തനത്തിൽ സജീവമാകണമെന്ന കർശന നിർദ്ദേശം വന്നിട്ടുണ്ട്. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന രീതിയിലുള്ള പ്രവർത്തനമാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
സി.പി.ഐ
തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യ സ്ഥാനാർത്ഥിയെ തന്നെ അവതരിപ്പിച്ച് സി.പി.ഐ അൽപ്പം മേൽക്കൈ നേടിക്കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ സ്ഥാനാർത്ഥിയായ രജാജി മാത്യു തോമസ് ഇന്നലെ തന്നെ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. എൽ.ഡി.എഫിലെ പ്രധാന നേതാക്കൾക്കൊപ്പം പ്രധാന വ്യക്തികളെയും പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളുടെ യോഗത്തിലും പങ്കെടുത്തു.
ബി.ജെ.പി
ബി.ജെ.പി വാർഡ്, ബൂത്ത്തല കുടുംബയോഗ പ്രവർത്തനങ്ങൾക്കാണ് മൂൻതൂക്കം നൽകിയത്. പല കുടുംബ യോഗങ്ങളിലും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ബൂത്ത്തല തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്കും രൂപം നൽകിക്കഴിഞ്ഞു. വോട്ടർ പട്ടിക പ്രകാരം, ഒരു പേജിന് ഒരു പ്രവർത്തകൻ എന്ന നിലയിലാണ് പ്രവർത്തനം.