ചാലക്കുടി: കലാഭവൻ മണിയുടെ അകാല വിയോഗം ഏൽപ്പിച്ച നടുക്കത്തിനിടെ ചാലക്കുടിക്കാരെ അങ്കലാപ്പിലാക്കിയ ഒരാളുണ്ട്. കനകമലയിലെ രഞ്ജിത്. കണ്ണമ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സ്റ്റേജ് ഷോയായിരുന്നു രംഗം. അത് മണിച്ചേട്ടനല്ലേ, കാണികൾ ജിജ്ഞാസയോടെ പരസ്പരം നോക്കി. ശബ്ദവും ചുവടുവയ്പ്പുമെല്ലാം അതുതന്നെ. ഒരാഴ്ച മുമ്പ് മൺമറഞ്ഞ സാക്ഷാൽ കലാഭവൻ മണിയല്ല ഇതെന്ന് സ്വയം ബോദ്ധ്യപ്പെടാൻ ഉത്സവപറമ്പിലെ ജനക്കൂട്ടത്തിന് ഏറെ നേരം വേണ്ടിവന്നു.
മൂന്ന് വർഷം മുമ്പ് നാട്ടുകാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തിയത് ആരെന്നല്ലേ. ഇത് കലാഭവൻ മണിയുടെ വൈഭവങ്ങൾ അനുകരിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന രഞ്ജു ചാലക്കുടി.
ശബ്ദവും ആകാരവും സാക്ഷാൽ മണിയുടേത്. ഓരോ ചലനത്തിനും സാമ്യത. ഒറ്റ നോട്ടത്തിൽ മണിയുടെ പ്രതിരൂപമാണെന്നേ ആരും പറയൂ. കനകമല കൈരൂർ വീട്ടിൽ പ്രഭാകരൻ-സുമതി ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്തിന് ഇപ്പോൾ വയസ് 26. കഴിഞ്ഞ ഏഴ് വർഷമായി വേദികളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ജീവിച്ചിരുന്ന മണിയുടെ ശബ്ദവും ഭാവവും അനുകരിച്ചായിരുന്നു തുടക്കം. വൈകാതെ മണിയോടൊപ്പവും ചാനൽ ഷോയിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ മണിയുടെ മറ്റൊരു പതിപ്പായി വേദികളിൽ നിന്നും വേദികളിലേക്ക്. സ്വന്തമായി നാടൻപാട്ടുകളും എഴുതും. ഇതിനകം നാടൻ പാട്ടിന്റെ ഒരു കാസറ്റും ഇറക്കി. ഇപ്പോൾ സിനിമയിലും വേഷമിട്ടു. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ശക്തൻ മാർക്കറ്റ് എന്ന സിനിമയിൽ രഞ്ജു ചെയ്യുന്നത് എസ്.ഐയുടെ വേഷം. കലാഭവൻ മണിയെ ഈശ്വരതുല്യമായി കാണാനാണ് ഈ യുവാവിന് ഇഷ്ടം.
വീട്ടിലെ പ്രർത്ഥനാ മുറിയിൽ വരെ കലാഭവൻ മണിയുടെ ചിത്രങ്ങൾക്ക് സ്ഥാനം കൊടുത്തിട്ടുണ്ട്. തന്റെ ജീവിതം സാക്ഷാൽ കലാഭവൻ മണിയുടെ ദാനമാണെന്ന് രഞ്ജു പറയുന്നു...