തൃശൂർ : വേനൽ കടുത്തതോടെ കന്നുകാലികൾക്ക് സൂര്യാഘാതമേൽക്കാനുളള സാദ്ധ്യതകൾ ഏറെയെന്ന് മുന്നറിയിപ്പു നൽകി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വേനലിൽ വിവിധ രോഗസാദ്ധ്യതകൾ കൂടുന്നതിനാൽ കന്നുകാലികളെ പരിചരിക്കുന്നതിൽ കൂടുതൽ ശ്രദ്ധചെലുത്താനും മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നിർദ്ദേശം നൽകി. വേനലിലെ ഉയർന്ന താപനിലയും അന്തരീക്ഷ ഈർപ്പവും മൂലം അസുഖം വരാതിരിക്കാൻ മൃഗങ്ങൾക്ക് പ്രത്യേക പരിചരണം നൽകണം.
സ്ഥിരമായ പാലുത്പാദനവും രോഗപ്രതിരോധ ശേഷിയും നിലനിറുത്താൻ കർഷകർ പരിപാലന രീതിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
തീറ്റ നൽകാൻ തണുപ്പുള്ള മേച്ചിൽ
പുറങ്ങൾ തെരഞ്ഞെടുക്കുക
കന്നുകാലികളെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി തണുപ്പുള്ള മേച്ചിൽപ്പുറങ്ങളിൽ തീറ്റ നൽകാൻ ഇറക്കുക.
രാവിലെ 9 ന് മുമ്പും വൈകീട്ട് 5 ന് ശേഷവും മാത്രം മേയാൻ വിടുക.
ദിവസവും 130 ലിറ്റർ വെള്ളം പശുക്കൾക്ക് നൽകണം.
തൊഴുത്തിൽ കന്നുകാലികൾക്ക് ഏത് സമത്തും ലഭ്യമാവുന്ന തരത്തിൽ ജലലഭ്യത ഉറപ്പുവരുത്തണം.
തൊഴുത്തിന് ചുറ്റും തണൽ മരങ്ങൾ വച്ചുപിടിപ്പിക്കുക.
തൊഴുത്തിൽ അന്തരീക്ഷതാപം കുറയ്ക്കുന്നതിന് തൊഴുത്തിന് മുകളിൽ തെങ്ങോല, ചാക്ക് എന്നിവയിട്ട് ഇടയ്ക്കിടെ നനച്ചുകൊടുക്കുക.
തൊഴുത്തിലേക്ക് ചൂടുള്ള കാറ്റടിക്കാതിരിക്കാൻ ചാക്ക് കൊണ്ടുമറയ്ക്കാം
മൂന്നു മണിക്കൂർ ഇടവിട്ട് പശുക്കളുടെ പുറത്ത് വെള്ളം ഒഴിച്ച് നനയ്ക്കാം.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ കന്നുകാലികളുടെ തീറ്റക്രമത്തിൽ മാറ്റം വരുത്താം
രാവിലെയും വൈകീട്ടും തീറ്റ നൽകുക
അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ള സമയത്ത് തീറ്റ നൽകുന്നത് കുറയ്ക്കുക
തീറ്റ നൽകുന്നതോടൊപ്പം നിശ്ചിത അളവിൽ ധാതുലവണ മിശ്രിതവും നൽകുക.
അകിടു വീക്കത്തിന് സാദ്ധ്യത
അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന് അനുസരിച്ച് കന്നുകാലികളിൽ അകിടുവീക്കം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. പാലുത്പാദനം കൂടുതലുള്ള പശുക്കളിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതു മൂലമുണ്ടാകുന്ന കീറ്റോസിസ്, കാത്സ്യക്കുറവ് മൂലമുണ്ടാകുന്ന ക്ഷീരപ്പനി, ന്യൂമോണിയ, വയറിളക്കം, മഞ്ഞപ്പിത്തം, പട്ടുണ്ണിപനി എന്നിവ വരാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.