കൊടുങ്ങല്ലൂർ: ടി.എൻ. പ്രതാപൻ, എം.എൽ.എ ആയിരിക്കെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നവീകരിച്ച് കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയറാക്കിയ പൊലീസ് മൈതാനത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. മൈതാനത്തിന്റെ ഒരു ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അർദ്ധകായ വെങ്കല പ്രതിമാ അനാച്ഛാദനവും എം.എൽ.എ നിർവ്വഹിച്ചു.

സോപാനം ഉണ്ണിക്കൃഷ്ണൻ മാസ്റ്ററും ശിഷ്യരും ചേർന്ന് ആലപിച്ച സ്മൃതി ഗീതത്തോടെ ചടങ്ങ് ആരംഭിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജീവചരിത്രം പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു. ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർക്ക് പുറമെ തഹസിൽദാർ തോമസ്, കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ രാമവർമ്മരാജ തുടങ്ങിയവർ സംബന്ധിച്ചു. രാഷ്ട്രീയ - സാംസ്കാരിക പരിപാടികൾക്കുള്ള പൊതു ഇടമായിരുന്ന പൊലീസ് മൈതാനം നവീകരണം കഴിഞ്ഞതോടെ ഉയർത്തിക്കെട്ടിയിട്ടുള്ള ചുറ്റുമതിൽ മൂലം പുറമെ നിന്നുള്ള കാഴ്ച തടസപ്പെടും വിധത്തിലായതിന്റെ ഗതികേട് ഉദ്ഘാടന ചടങ്ങിലും പ്രതിഫലിച്ചു. കുഞ്ഞുക്കുട്ടൻ തമ്പുരാൻ ചത്വര ഉദ്ഘാടനത്തിൽ നിന്നും പ്രതാപനെ ഒഴിവാക്കിയെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും വഴിയിൽ പൊലീസ് തടഞ്ഞു.

ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകർ അണിചേർന്നു. യോഗം മുൻ എം.എൽ.എ, ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.എം നാസർ അദ്ധ്യക്ഷത വഹിച്ചു. പി.എ നൗഷാദ്, ഒ.ആർ ജിതിൻ, സുലേഖ സിദ്ദീഖ്, അഡ്വ.വി.എം മൊഹിയുദ്ദിൻ, പ്രൊ. സി.ജി ചെന്താമരാക്ഷൻ, എ.എ. അഷ്റഫ്, അഡ്വ. പി.എച്ച് മഹേഷ്, പി.ഡി ജോസ്, പി.കെ. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ സമരത്തിന് കെ.പി സുനിൽ കുമാർ,​ സജീവൻ പുത്തൻചിറ, ഡിൽഷൻ കൊട്ടെക്കാട്ട്, ചന്ദ്രിക ശിവരാമൻ, കവിത മധു, നസീമ നാസർ, ഗീതാദേവി ടീച്ചർ, പ്രിൻസി മാർട്ടിൻ തുടങ്ങിയവർ നേതൃത്വം നൽകി.