കൊടുങ്ങല്ലൂർ: കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഭരണവ്യത്യാസം ജനങ്ങൾക്കു ബോദ്ധ്യപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. കോൺഗ്രസ് ഭരിക്കുമ്പോൾ ഇന്ത്യയുടെ നേർക്കുണ്ടായ ആക്രമണങ്ങളെ എങ്ങനെ നേരിട്ടുവെന്ന് ജനങ്ങൾക്കറിയാം. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് കനത്ത തിരിച്ചടി നൽകുമെന്ന മോദിയുടെ ഉറച്ച നിലപാട് വെറും വാക്കായിരുന്നില്ലെന്ന് വ്യക്തമായതായും കേന്ദ്ര മന്ത്രി പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നയിക്കുന്ന പരിവർത്തന യാത്രയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്‌മൃതി.
മോദി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിൽ തങ്ങളുടെ പ്രവർത്തകരെ കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റുകളുമായി ബംഗളാളിൽ സഖ്യത്തിലാകുന്ന കോൺഗ്രസ് നേതാക്കൾക്ക് എങ്ങനെ ജനങ്ങൾക്കൊപ്പം നിൽക്കാനാകുമെന്നും സ്‌മൃതി ഇറാനി ചോദിച്ചു.
എ.എൻ. രാധാകൃഷ്ണന് സ്‌മൃതി ഇറാനി യാത്രാപതാക കൈമാറി. എം.ജി. പ്രശാന്ത് ലാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, ഡോ. ജെ. പ്രമീളാദേവി, പി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.