ഗുരുവായൂർ: സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്ന സി.പി.എമ്മിന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ചിഹ്നം വടിയോ, കുടയോ ആയി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നയിക്കുന്ന മദ്ധ്യമേഖലാ പരിവർത്തന ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു കൃഷ്ണദാസ്.
കേരളത്തിൽ ഇപ്പോൾ സി.പി.എമ്മും, കോൺഗ്രസും ചേർന്ന് കോമാസഖ്യമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മാത്രം ഒതുങ്ങിയിരുന്ന കോമാസഖ്യം, ഇത്തവണ കേരളം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്. കേരളം ഇത്തവണ മോദിയൊടൊപ്പമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സി.പി.എമ്മും കോൺഗ്രസും ചേർന്ന് കോമാ സഖ്യത്തിന് രൂപം നൽകിയതെന്നും കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദൻ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി സത്യകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ബി.ജെ.പി ഔദ്യോഗിക വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ്ണ, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സി. നിവേദിത, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്ജ്, ജില്ല വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് രാജൻ തറയിൽ, യുവമോർച്ച ജില്ലാ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ് എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി സത്യകുമാർ ജാഥാ ക്യാപ്റ്റൻ ശോഭാ സുരേന്ദ്രന് പതാക കൈമാറി. പരിവർത്തന ജാഥ ഇന്ന് രാവിലെ ഗുരുവായൂരിൽ നിന്നും ആരംഭിക്കും.