പൂരത്തിന് മുമ്പ് സബ് വേ തുറന്നു കൊടുക്കും.
തൃശൂർ: എം.ഒ റോഡിലെ പുതിയ സബ്‌വേ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. പൂരത്തിന് മുമ്പായി ഏപ്രിൽ 30ന് പണി തീർക്കുമെന്നാണ് കോർപറേഷൻ പ്രഖ്യാപനം. ഏപ്രിൽ 15ന് തന്നെ പണി പൂർത്തിയാക്കി സബ്‌വേ തുറക്കണമെന്നാണ് കോർപറേഷൻ എൻജിനിയർമാരുടെ തീരുമാനം. അമൃതം പദ്ധതിയിൽ 1.53 കോടി ചെലവിൽ 16 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും നിർമ്മിക്കുന്ന സബ് വേയുടെ 8 മീറ്ററിൽ നീളത്തിന്റെ ആദ്യഘട്ടമാണ് കോൺക്രീറ്റിംഗ് പൂർത്തിയായത്. 16 ഇഞ്ച് (40 സെന്റീമീറ്റർ) കനത്തിൽ അടിയിലും മുകളിലും ഇരുവശങ്ങളിലും കോൺക്രീറ്റിംഗ് നടത്തിയാണ് 20 ദിവസംകൊണ്ട് സബ്‌വേ ആദ്യഘട്ടം പൂർത്തിയാക്കിയത്.
മാർച്ച് 14ന് പണി തുടങ്ങിയശേഷം രാപ്പകൽ തൊഴിലാളികൾ നിർമ്മാണ ജോലിയിലായിരുന്നു. തിരക്കേറിയ എം.ഒ റോഡിൽ ഗതാഗതം നിയന്ത്രിച്ച് നിർമ്മാണം നടത്തുകയെന്നത് സാഹസികമായിരുന്നു. അടുത്ത 14 ദിവസം കോൺക്രീറ്റ് ക്യൂറിംഗ് പിരീഡാണ്. ഈ സമയം കൊണ്ട് പടിഞ്ഞാറ് ഭാഗം ഫുട്പാത്തിലെ പ്രവേശന മാർഗ്ഗങ്ങളുടെ പണി തീർക്കും. 14 ദിവസം കഴിഞ്ഞാൽ തട്ട് പൊളിച്ച് ഗതാഗതം പുന:സ്ഥാപിച്ച് രണ്ടാംഘട്ടം പണിതുടങ്ങും. അടുത്ത 20 ദിവസം കൊണ്ട് രണ്ടാം ഘട്ടവും സബ് വേ പണി പൂർത്തിയാക്കി എം.ഒ റോഡ് പൂർണ്ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് എൻജിനിയർമാർ പറഞ്ഞു. കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ബാബുരാജ്, എക്‌സി.എൻജിനീയർ ശ്രീലത, അസി.എക്‌സി. എൻജിനീയർ റോയ് പ്രോജക്ട് എൻജിനീയർ അജയ് കുമാർ എന്നിവരാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. കാസർകോട് സ്വദേശിയായ റൈസുദ്ദീൻ ആണ് കരാറുകാരൻ. എസ്റ്റിമേറ്റ് നിരക്കിനേക്കാൾ 1.43 ശതമാനം കുറഞ്ഞ നിരക്കിലാണ് റൈസുദ്ദീൻ കരാർ ഏറ്റെടുത്തിട്ടുള്ളത്...