nedupuzha-palli

തൃശൂർ: മൂന്ന് നിലകളിൽ ഉയർന്നുനില്ക്കുന്ന 3,100 ചതുരശ്ര അടി വിസ്തീർണമുള്ള പള്ളി ഏഴ് മീറ്റർ പിന്നിലേക്ക് മാറുന്നു. നെടുപുഴ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയുടെ മദുബഹ ഉൾപ്പെടെയുള്ളവയാണ് അപ്പാടെ ഉയർത്തി മാറ്റി സ്ഥാപിക്കുന്നത്. ശതാബ്ദിയിലെത്തിയ പള്ളിയുടെ നവീകരണത്തിന്റെ ഭാഗമായാണിത്. ഹരിയാനയിലെ ടി.ഡി.ബി.ഡി എൻജിനിയറിംഗ് വർക്ക്‌സാണ് ഈ വിസ്മയകർമ്മം നിർവഹിക്കുന്നത്.

കെട്ടിടം ഒന്നാകെ മെക്കാനിക്കൽ ജാക്കി വച്ചുയർത്തി തള്ളിയാണ് മാറ്റുന്നത്. രണ്ട് മാസം മുമ്പാണ് വിദഗ്ദ്ധസംഘം നെടുപുഴയിലെത്തി സാങ്കേതിക നടപടികൾ ആരംഭിച്ചത്. 100 അടി നീളവും 50 അടി വീതിയുമുള്ള പള്ളി ഹാളിനോട് ചേർന്നാണ് 50 അടി വീതിയിൽ മൂന്ന് നിലകളിലായുള്ള കെട്ടിടം. താഴെ നില അൾത്താര ഉൾപ്പെടെ മദുബഹയാണ്. മുകളിലെ രണ്ടു നിലകളിൽ ആറ് മതബോധന ക്ലാസ് മുറികളാണ്.
150 മെക്കാനിക്കൽ ജാക്കികൾ വച്ചാണ് കെട്ടിടം തറയിൽ നിന്നു ഉയർത്തിയത്. നിശ്ചിത അകലം ഓരോ ദിവസവും പിന്നിലേക്ക് നിരക്കിനീക്കും. 10 അടിയോളം ഇതിനകം തള്ളിനീക്കി. ഒരാഴ്ചയ്ക്കകം നിർദ്ദിഷ്ട സ്ഥാനത്തെത്തും. നവീകരണ കമ്മിറ്റി കൺവീനർ റോയ് കണ്ണമ്പുഴ, എൻജിനിയർ വിജയരാഘവമേനോൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

പണിയാൻ 46 ലക്ഷം,​ മാറ്റാൻ 22

3100 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം പണിയാൻ 46 ലക്ഷം വേണം. മാറ്റി സ്ഥാപിക്കാൻ 20-22 ലക്ഷം മതിയാകും. കെട്ടിടം മാറ്റി സ്ഥാപിച്ചശേഷം ലഭിക്കുന്ന സ്ഥലത്ത് പള്ളിയോട് ചേർന്ന് പുതിയ മദുബഹ നിർമ്മിക്കും. ടി.ഡി.ബി.പി എൻജിനിയറിംഗ് കമ്പനിയെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രവൃത്തി കണ്ട ശേഷമാണ് തിരഞ്ഞെടുത്തതെന്ന് പള്ളിവികാരി ഫാ. ജോഷി ആളൂർ പറഞ്ഞു.

ടി.ഡി.ബി.പി എൻജിനിയറിംഗ്
രാജ്യത്ത് നിരവധി കെട്ടിടങ്ങൾ മാറ്റിസ്ഥാപിച്ച സ്ഥാപനമാണ് ടി.ഡി.ബി.പി എൻജിനിയറിംഗ് വർക്‌സ്. തമിഴ്നാട്ടിലെ കാലകുറിശ്ശിയിൽ 400 വർഷം പഴക്കമുള്ള ക്ഷേത്രം 65 അടി മാറ്റി 60 ഡിഗ്രിയിൽ ചരിച്ച് ഇവർ സ്ഥാപിച്ചിരുന്നു. തിരുവനന്തപുരത്തും ഒരു വീട് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.