ഇന്നലെ 33.9 ഡിഗ്രി സെൽഷ്യസ്
തൃശൂർ: കനത്തചൂടിൽ ജോലി സമയം ക്രമീകരിച്ചതോടെ, ജോലിക്കാർ ട്രാക്കിൽ നേരത്തെ അറ്റകുറ്റപണിക്ക് ഇറങ്ങിയതോടെ ട്രെയിനുകൾ ഒന്നരമണിക്കൂറോളം വൈകി. മുൻകൂട്ടി അറിയിപ്പില്ലാതെ ട്രെയിൻ വൈകിയതിനെ തുടർന്ന് എറണാകുളം ഭാഗത്ത് സർക്കാർ-അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പെരുവഴിയിലായി.
ഇന്നലെ രാവിലെയാണ് പാസഞ്ചർ ട്രെയിനുകളടക്കം എല്ലാ ട്രെയിനുകളും ഒന്നര മണിക്കൂർ വൈകിയത്. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിൽ സാധാരണഗതിയിൽ റെയിൽവേ മാദ്ധ്യമങ്ങളിലൂടെ വിവരം അറിയിക്കാറുണ്ട്. എന്നാൽ ഇന്നലെ യാതൊരു അറിയിപ്പും ഉണ്ടായില്ല. അതേ സമയം കനത്ത ചൂടുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഉച്ചയ്ക്ക് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് സർക്കാർ നൽകിയിരുന്നു. ഇതായിരിക്കാം ഇന്നലെ പെട്ടെന്ന് ജോലി സമയത്തിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. ട്രെയിനുകൾ വൈകിയത് സംബന്ധിച്ച് റെയിൽവേ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേ സമയം സ്വാഭാവികമായ വൈകൽ മാത്രമാണെന്നാണ് വിശദീകരണം. ചൂട് ഇതേ രീതിയിലാണെങ്കിൽ അടുത്ത ദിവസവും ട്രെയിനുകൾ വൈകിയേക്കും.
മുൻകൂട്ടി അറിയിക്കാമായിരുന്നു
ട്രെയിനുകൾ വൈകിയോടുമെന്ന് മുൻകൂട്ടി അറിയിക്കാതിരുന്നതാണ് വിനയായത്. ഇത്തരത്തിൽ മുന്നറിയിപ്പുണ്ടെങ്കിൽ നേരത്തെ തന്നെ ഇറങ്ങി ലക്ഷ്യസ്ഥാനത്തെത്താമായിരുന്നു. രാവിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനുകൾ വൈകിയോടുന്നത് അറിഞ്ഞത്
രാജേന്ദ്രൻ (സ്ഥിരം യാത്രക്കാരൻ)
വറചട്ടിയിലാകും
ട്രെയിനുകൾ പിടിച്ചിടുന്നത് മൂലം സെക്കൻഡ് ക്ലാസിലും ജനറൽ കമ്പാർട്ടുമെന്റിലും യാത്ര ചെയ്യുന്നവർ വറചട്ടിയിൽ ഇരിക്കേണ്ടതു പോലുള്ള സാഹചര്യമാണ്. യാത്രക്കാരുടെ പ്രശ്‌നങ്ങൾ കൂടി മനസിലാക്കി ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കണം - റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ
ഇന്നലെ ചൂട് കുറവായിരുന്നെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായിരുന്നു. ഇതുമൂലം ചൂട് കുറഞ്ഞാലും കൂടുതലായി വിയർക്കും
ഗോപകുമാർ (കാലാവസ്ഥ ശാസ്ത്രജ്ഞൻ)