 ജൂൺ മാസത്തോടെ സ്കൂളുകളിൽ ഹൈടെക് ലാബ് നിലവിൽ വരും

തൃശൂർ: ജില്ലയിലെ സ്കൂളുകൾക്ക് ആധുനിക മുഖം നൽകി 3,890 ക്‌ളാസ് മുറികൾ ഹൈടെക്കായി. നോട്ടുബുക്കുകൾക്കും പാഠപുസ്തകങ്ങൾക്കുമൊപ്പം കംപ്യൂട്ടറുകളും ഓൺലൈൻ ക്ലാസുകളും ഡിജിറ്റൽ സംവിധാനങ്ങളുമെല്ലാം ഈ ക്ലാസ്മുറികളിലുണ്ട്. ലാപ്‌ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ, മൗണ്ടിംഗ് കിറ്റ്, ടെലിവിഷൻ, കാമറ, വെബ് ക്യാം എന്നിവ ഉൾപ്പെടുന്നതാണ് ഹൈടെക് ക്ലാസ് മുറി. ഇതിൽ 37 ക്‌ളാസ് മുറികളിൽ മൊബൈൽ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എട്ടുമുതൽ 12 വരെയുള്ള 45,000 ക്ലാസുകളാണ് ഹൈടെക്കാക്കുന്നത്.

കിഫ്ബി സഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ 31.21 കോടിയാണ് ചെലവഴിച്ചത്. സെന്റ് ജോസഫ് എച്ച്.എസ്. മതിലകം (33), ഗവ. എച്ച്.എസ്.എസ്. എരുമപ്പെട്ടി (30) എസ്.കെ.എച്ച്.എസ്. മട്ടത്തൂർ (27) എന്നീ സ്‌കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്‌ളാസ് മുറികൾ ഹൈടെക്കായത്. എല്ലാ ഐ.ടി. ഉപകരണങ്ങൾക്കും അഞ്ചുവർഷ വാറണ്ടി കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഹാർഡ് വെയർ പരാതികൾ റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനും വെബ് പോർട്ടൽ, കോൾ സെന്റർ സംവിധാനം എന്നിവ കഴിഞ്ഞ ദിവസം നിലവിൽ വന്നു. മുഴുവൻ ഉപകരണങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്.

സമഗ്ര വിഭവ പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്‌ളാസ് മുറികളിൽ വിനിമയം നടത്താനുള്ള അദ്ധ്യാപക പരിശീലനം ഭൂരിഭാഗം അദ്ധ്യാപകർക്കും ലഭിച്ചു. കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് എന്ന പേരിൽ ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തി.


 ഹൈടെക്കിനായി വിതരണം ചെയ്ത ഉപകരണങ്ങളുടെ കണക്ക്


ലാപ്‌ടോപ്പ് 4925
പ്രോജക്ടർ 3589
സ്പീക്കർ 3485
ടെലിവിഷൻ 415
ഡി.എസ്.എൽ.ആർ കാമറ 406
എച്ച്.ഡി. വെബ് കാം 423
ബ്രോഡ്ബാൻഡ് സംവിധാനം 1147 സ്‌കൂളുകളിൽ

....................................
ഹൈടെക് സ്‌കൂൾ പദ്ധതിയുടെ തുടർച്ചയായി ഒന്ന് മുതൽ ഏഴ് വരെ ക്‌ളാസുകളുള്ള ജില്ലയിലെ 907 സ്‌കൂളുകളിൽ ഹെടെക് ലാബുകൾ ജൂൺ മാസത്തോടെ സ്ഥാപിക്കും

അൻവർ സാദത്ത് (കൈറ്റ് വൈസ് ചെയർമാൻ)